| Saturday, 15th January 2022, 2:49 pm

ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു, പക്ഷേ അദ്ദേഹം സഖ്യത്തില്‍ നിന്നും പിന്‍മാറി; ഭീം ആര്‍മിയുടെ പിന്മാറ്റത്തിന് പിന്നാലെ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിയുമായി യാതൊരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദി രാവണിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സഖ്യം പിന്‍വലിക്കുകയുമായിരുന്നു എന്നാണ് അഖിലേഷ് പറയുന്നത്.

‘ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു,’ അഖിലേഷ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഭീം ആര്‍മിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ കൈകോര്‍ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇരുവരും തമ്മില്‍ സഖ്യമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടിയുമായി തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സഖ്യവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തു വന്നത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്താന്‍ ഏറെ നാളായി ശ്രമിച്ചെന്നും അദ്ദേഹത്തെ കാണാനായി കഴിഞ്ഞ രണ്ട് ദിവസമായി താന്‍ ലഖ്നൗവിലുണ്ടായിരുന്നുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഞാന്‍ ഇതിന്റെ ഉത്തരവാദിത്തം അഖിലേഷിന് നല്‍കും. രണ്ടു ദിവസം ഞാന്‍ അദ്ദേഹത്തിനായി കാത്തിരുന്നു. എന്നാല്‍ എന്നെ തിരിച്ചു വിളിക്കാതെ അദ്ദേഹം അപമാനിച്ചു,’ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

‘ഞങ്ങളുടെ നേതാവും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് എന്റെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ അഖിലേഷ് ജിക്ക് ദളിതുകളെ ആവശ്യമില്ല,’ ആസാദ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് സംസാരിച്ച ചന്ദ്രശേഖര്‍ ആസാദ് ‘എസ്.പിയുമായുള്ള സഖ്യം ഉറപ്പിച്ചിരിക്കുകയാണെന്നും രാവിലെ പത്ത് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിരുന്നു.

ബി.ജെ.പിയെ തടയാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായും എസ്.പിയുമായും കൈകോര്‍ക്കാന്‍ തീരുമാനിച്ചെന്നും അഖിലേഷ് യാദവിനെ സ്വന്തം സഹോദരന്റെ സ്ഥാനത്താണ് കാണുന്നതെന്നും ആസാദ് പറഞ്ഞിരുന്നു.

‘സാമൂഹിക നീതിക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും, ഞാന്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കും, അല്ലെങ്കില്‍ ഞാന്‍ സ്വയം പോരാടും,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Akhilesh Yadav says he had allotted 2 seats to Bhim Army chief but he refused to be part of the alliance

We use cookies to give you the best possible experience. Learn more