| Sunday, 2nd April 2023, 8:44 am

ബി.ജെ.പി രാജ്യത്തോട് ചെയ്യുന്നത് അനീതി; 2024 തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് പ്രതികൂലമാകും: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ബി.ജെ.പി രാജ്യത്തെ ജനങ്ങളോട് അനീതി കാണിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജനങ്ങൾ ദുഃഖിതരാണെന്നും 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻപൂരിൽ നടന്ന സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സംസ്ഥാനത്ത് ഭരണം മാറ്റം സംഭവിച്ചാൽ ബി.ജെ.പിയുടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും യാദവ് പറഞ്ഞു.

അതേസമയം രാജ്യത്ത് ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. വീണ്ടും അധികാരത്തിൽ വരാനാകുമെന്നാണ് യാദവിന്റെ വിശ്വാസം. പക്ഷേ ജനങ്ങൾ സമാജ് വാദി പാർട്ടിയെ നേരത്തെ ഉപേക്ഷിച്ചു കഴിഞ്ഞെന്നും പഥക് കൂട്ടിച്ചേർത്തു.

അതേസമയം അടുത്തിടെ കാൻപൂരിൽ നടന്ന ഒഴിപ്പിക്കൽ നടപടികൾക്കിടെ അമ്മയും മകളും വെന്തുമരിച്ചിരുന്നു. ഇരുവരും സ്വയം തീകൊളുത്തി മരണപ്പെടുകയായിരുന്നുവെന്നാണ് അധികൃതരുടെ വാദം. എന്നാൽ അധികാരികൾ കുടിലിന് തീയിട്ടതാണെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് സ്റ്റേഷൻ മേധാവി എന്നിവരുൾപ്പെടെ 39 പേർക്കെതിരെ കോസെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, മരണത്തെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഗ്രാമത്തിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് വ്യക്തമാക്കി പ്രദേശവാസികൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. 5 കോടി രൂപ സഹായധനം നൽകണമെന്നും മരിച്ചുപോയ കുടുംബത്തിലെ രണ്ട് പേർക്കെങ്കിലും സർക്കാർ ജോലി നൽകണമെന്നും പ്രദേശവാസികൾ വ്യക്തമാക്കി.

ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Content Highlight: Akhilesh Yadav says BJP will lose in 2024 Elections

We use cookies to give you the best possible experience. Learn more