വ്യാജ ഏറ്റമുട്ടലിലൂടെ രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ബി.ജെ.പി വ്യതിചലിക്കുന്നുവെന്ന് അഖിലേഷ് യാദവ്; പൊലീസിനെ അഭിനന്ദിച്ച് യോഗി
national news
വ്യാജ ഏറ്റമുട്ടലിലൂടെ രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ബി.ജെ.പി വ്യതിചലിക്കുന്നുവെന്ന് അഖിലേഷ് യാദവ്; പൊലീസിനെ അഭിനന്ദിച്ച് യോഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th April 2023, 4:39 pm

ലഖ്‌നൗ: വ്യാജ ഏറ്റുമുട്ടലുകളിലൂടെ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ശരിയായ പ്രശ്‌നങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പി കോടതികളെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

‘രാജ്യത്തെ ശരിയായ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്നത്. ബി.ജെ.പി ഒരിക്കലും കോടതികളെ വിശ്വസിച്ചിരുന്നില്ല. ഇന്നത്തെയും, സമീപകാലത്തും നടന്നിട്ടുള്ള വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കേണ്ടതുണ്ട്. കുറ്റവാളികളെ വെറുതെ വിടാന്‍ പാടില്ല.

ശരിയേതാണ് തെറ്റേതാണെന്ന് സ്വയം തീരുമാനിക്കാന്‍ അധികാരികള്‍ക്കാവില്ല. ബി.ജെ.പി സാഹോദര്യത്തിനെതിരാണ്,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയവരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ആസദ് അഹമ്മദിന്റെ കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്ത വന്നതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട യോഗത്തില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍, സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരെ യോഗി അഭിനന്ദിച്ചുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സംഭവത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു.

‘ഞാന്‍ യു.പിയിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ അഭിനന്ദിക്കുന്നു. കുറ്റവാളികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തത്. ഇത് പുതിയ ഇന്ത്യയാണെന്ന സന്ദേശം കുറ്റവാളികള്‍ക്ക് നല്‍കും.

യു.പി ഭരിക്കുന്നത് യോഗി സര്‍ക്കാരാണ്. ക്രിമിനലുകള്‍ക്ക് പിന്തുണ നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയല്ല. യു.പി. പൊലീസിന്റെ ചരിത്രപരമായ നടപടിയാണിത്. കുറ്റവാളികളുടെ യുഗം അവസാനിച്ചു,’ അദ്ദേഹം പറഞ്ഞു.

മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതുമായ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെയാണ് വ്യാഴാഴ്ച ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ആസദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

ആതിഖ് അഹമ്മദിന്റെ അടുത്ത അനുയായിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായി വിവിധ ദേശീയ മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഉമേഷ് പാല്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന വ്യക്തികളാണ് ആസദും ഗുലാമും.

ഉമേഷ് പാലിന്റെ കൊലപാതകത്തിന് പിന്നാലെ ആസദിനെ കണ്ടുകിട്ടുന്നവര്‍ക്ക് യു.പി പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും ഇയാളെ കൊടുംകുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒന്നര മാസമായി അസദിനെയും ഗുലാമിനെയും നിരീക്ഷിച്ചു വരികയാണെന്നും ഇതിനിടയില്‍ കണ്ടുമുട്ടിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നും
യു.പി എസ്.ടി.എഫ് എ.ഡി.ജി അമിതാഭ് യാഷ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

content highlight: Akhilesh Yadav says BJP is diverting from the country’s problems by fake encounter; Yogi congratulated the police