ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കണമെങ്കില്‍ ബി.ആര്‍. അംബേദ്കറിന്റേയും റാം മനോഹര്‍ ലോഹിയയുടേയും ചിന്തകളെ ഒരുമിപ്പിക്കേണ്ടതുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ബി.എസ്.പി നേതാക്കളായ അചല്‍ രാജ്ഭാര്‍, ലാല്‍ജി വെര്‍മ എന്നിവര്‍ പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നതിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഞായറാഴ്ചയായിരുന്നു ഇരുവരും എസ്.പിയില്‍ ചേര്‍ന്നത്.
2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയത് അംബേദ്കറിന്റേയും ലോഹിയയുടേയും ചിന്താധാരകള്‍ ഒരുമിപ്പിക്കണം എന്ന ലക്ഷ്യത്തോടെയുള്ള ശ്രമമായിരുന്നെന്നും അംബേദ്കര്‍നഗര്‍ ജില്ലയില്‍ നടന്ന ജനദേശ് റാലിക്കിടെ അഖിലേഷ് പറഞ്ഞു.
”അംബേദ്കറും ലോഹിയയും ഈ നാട്ടില്‍ മാറ്റം വേണമെന്ന് ആഗ്രഹിച്ചവരാണ്. ആയിരക്കണക്കിന് വര്‍ഷം വിവേചനം നേരിട്ട്, നിരാശയോടെ ജീവിച്ചവര്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കണമെന്നും അവര്‍ ആഗ്രഹിച്ചു.
അന്നത്തെ സഖ്യം സമാജ്‌വാദികളുടെ ഒരു ശ്രമമായിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അംബേദ്കറിന്റേയും ലോഹിയയുടേയും ചിന്തകള്‍ ഒരുമിക്കുകയാണെങ്കില്‍ അന്ന് ബി.ജെ.പി അധികാരത്തിന് പുറത്തായിരിക്കും,” അദ്ദേഹം പറഞ്ഞു.
മുന്‍ ബി.എസ്.പി നേതാക്കളായ ലാല്‍ജി വെര്‍മക്കും അചല്‍ രാജ്ഭാറിനും അവരുടെ അനുയായികള്‍ക്കും തന്റെ പാര്‍ട്ടിയില്‍ ബഹുമാനവും ഉചിതമായ സ്ഥാനവും ലഭിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഗ്ദാനം പാലിക്കപ്പെടാത്തതിനേയും അഖിലേഷ് വിമര്‍ശിച്ചു.
ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ആദിത്യനാഥ് അവ വിതരണം ചെയ്യാത്തതെന്ന് പറഞ്ഞ അഖിലേഷ് യാദവ്, ഒരു ലാപ്‌ടോപ് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്ന് അറിയാത്ത ആളാവരുത് ഒരു മുഖ്യമന്ത്രിയെന്നും കൂട്ടിച്ചേര്‍ത്തു.