|

രാമനവമിക്കും ശ്രീകൃഷ്ണ ജയന്തിക്കും വൈദ്യുതി നല്‍കാതെ മുഹറത്തിനാണ് അഖിലേഷ് ഉത്തര്‍പ്രദേശില്‍ വൈദ്യുതി നല്‍കിയത്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമാജ്‌വാദി പാര്‍ട്ടി ഭരിച്ചിരുന്ന സമയത്ത് രാമനവമിയിലും ശ്രീകൃഷ്ണ ജയന്തിക്കും ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കിയിട്ടില്ലെന്നും മുഹറത്തിനാണ് വൈദ്യുതി വിതരണം ചെയ്യാറുണ്ടായിരുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ജനങ്ങള്‍ വീണ്ടും എസ്.പിക്ക് വോട്ട് ചെയ്താല്‍ ഉത്തര്‍പ്രദേശില്‍ വൈദ്യുതി എത്തില്ലെന്നും ബല്ലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെ ഷാ പറഞ്ഞു.

‘സമാജ്‌വാദി പാര്‍ട്ടി ഭരിച്ചിരുന്നപ്പോള്‍ സംസ്ഥാനത്ത് മുഹറത്തിനാണ് വൈദ്യുതി എത്തിയിരുന്നത്. പരശുരാമ ജയന്തി, ശ്രീരാമനവമി, ശ്രീകൃഷ്ണ ജന്മോത്സവം എന്നിവയ്‌ക്കൊന്നും വൈദ്യുതി വിതരണം ഉണ്ടായിരുന്നില്ല,” ഷാ ആരോപിച്ചു.

അഖിലേഖ് യാദവിന്റെ ഗുണ്ടകള്‍ ബുന്ദേല്‍ഖണ്ഡില്‍ നാടന്‍ പിസ്റ്റളുകള്‍ നിര്‍മിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെല്ലുകള്‍ നിര്‍മിക്കാന്‍ പ്രതിരോധ വ്യവസായം സ്ഥാപിക്കുകയാണ് ചെയ്തതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

‘അഖിലേഷിന്റെ ഗുണ്ടകള്‍ ബുന്ദേല്‍ഖണ്ഡില്‍ നാടന്‍ പിസ്റ്റളും ബുള്ളറ്റും ഉണ്ടാക്കിയിരുന്നു. യുവാക്കളെ കുറ്റകൃത്യത്തിന്റെ പാതയിലേക്ക് തള്ളിവിടാനാണ് സമാജ്‌വാദി പാര്‍ട്ടി ശ്രമിച്ചത്. ബുന്ദേല്‍ഖണ്ഡില്‍ നിര്‍മിച്ച ഷെല്ലുകളിലൂടെ പാക്കിസ്ഥാന് മറുപടി നല്‍കാനാണ് മോദി ശ്രമിച്ചത്,” അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍, എല്ലാ ജില്ലയിലേയും പാവപ്പെട്ടവരുടെയും സര്‍ക്കാറിന്റെയും ഭൂമി തിരിച്ചുപിടിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് കണ്ട് ചിരിച്ചുകൊണ്ട് ശിവപാല്‍ (യാദവ്) പറയാറുണ്ടായിരുന്നു കയ്യേറ്റ ഭൂമി ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന്.എന്നാല്‍ യോഗി ജി 2000 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കി,’യോഗിയെ പ്രശംസിച്ചുകൊണ്ട് ഷാ പറഞ്ഞു.

കൊള്ള, കൊലപാതകം, ബലാത്സംഗം എന്നിവയില്‍ അഖിലേഷ് യു.പിയെ ഒന്നാം സ്ഥാനത്താക്കി. അതിഖ് അഹമ്മദും മുഖ്താര്‍ അന്‍സാരിയും അസം ഖാനും ജയിലിലാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങളെ മാഫിയയില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ ബി.ജെ.പി സര്‍ക്കാറിന് മാത്രമേ അതിന് കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുപതുകളില്‍ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തോടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ക്കതിന് കഴിഞ്ഞില്ലെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും മോദി സര്‍ക്കാര്‍ നിറവേറ്റിക്കഴിഞ്ഞെന്നും ഷാ വ്യക്തമാക്കി.


Content Highlights: Akhilesh Yadav’s Party Supplied Power On Muharram, Not Ram Navami: Amit Shah