| Monday, 19th February 2024, 5:14 pm

യു.പിയിലും ഇന്ത്യ മുന്നണി പ്രതിസന്ധിയിൽ; ഭാരത് ജോഡോ യാത്രയെ കുറിച്ച് സീറ്റ് വിഭജനം കഴിഞ്ഞ് തീരുമാനിക്കാമെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെങ്കില്‍ 15 സീറ്റിൽ കൂടുതൽ കോൺ​ഗ്രസ് മത്സരിക്കരുതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകൾ എങ്ങുമെത്താത്തതിനിടെയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന.

കോണ്‍ഗ്രസും എസ്.പിയും ഒരുമിച്ചാണ് മത്സരിക്കുന്നതെങ്കില്‍ യു.പിയിലെ 80 ലോക്‌സഭ സീറ്റുകളില്‍ 15 സീറ്റില്‍ മാത്രമേ കോണ്‍ഗ്രസിനെ മത്സരിക്കാന്‍ അനുവദിക്കുള്ളുവെന്ന് പാര്‍ട്ടി വ്യക്തമാക്കി. 15 സീറ്റിന് മുകളിൽ കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമാജ്‌വാദി പാര്‍ട്ടി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന തീരുമാനം സീറ്റ് വിഭജനത്തെ ആശ്രയിച്ചായിരിക്കുമെന്നും എസ്.പി അധ്യക്ഷന്‍ പറഞ്ഞു.

‘ഞങ്ങള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. നിരവധി പട്ടികകളും കൈമാറി. സീറ്റ് വിഭജനം അവസാനിച്ചാല്‍ കോണ്‍ഗ്രസിന്റെ ന്യായ് യാത്രയില്‍ പങ്കെടുക്കും’, അഖിലേഷ് പറഞ്ഞു. 15ല്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യ മുന്നണിയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് എസ്.പിയുടെ തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിട്ടിട്ടുണ്ട്.

പഞ്ചാബിലും ബംഗാളിലും ഇതേ സ്ഥിതി തന്നെയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേരത്തെ അറിയിച്ചിരുന്നു. ബംഗാളില്‍ മമതയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിന്‍ നിന്ന് എസ്.പി വിട്ട് നിന്നിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലുടനീളം ആകെ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. അതില്‍ തന്നെ ഹിന്ദി ഹൃദയ ഭൂമിയായ യു.പി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാര്യമായ നേട്ടം കൊയ്യാനും കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. യു.പിയില്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി സമൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തു.

ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചതും ആദ്യ ഘട്ടത്തില്‍ മുന്നണി യോഗങ്ങള്‍ക്കെല്ലാം നേതൃത്വം വഹിച്ചതും ബിഹാര്‍ മുഖ്യമന്തി നിതീഷ് കുമാര്‍ ആയിരുന്നു. പിന്നീട് നിതീഷ് കുമാര്‍ ബി.ജെ.പിയിലേക്ക് കളം മാറ്റി ചവിട്ടയത് മുതല്‍ ഇന്ത്യ മുന്നണിയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ലോകസ്ഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ മുന്നണി മത്സരിക്കുമോ എന്ന കാര്യത്തില്‍ പോലും നേതാക്കള്‍ക്കിടയില്‍ യാതൊരു വ്യക്തതയുമില്ല.

Contant Highlight: Akhilesh Yadav’s 15 UP Seats Offer To Congress, And A Yatra Condition

We use cookies to give you the best possible experience. Learn more