ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവാവാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിലവില്‍ അസംഗഢ് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയായ അഖിലേഷ്, എം.പി സ്ഥാനം രാജിവെച്ചാണ് പ്രതിപക്ഷ നേതാവാവാന്‍ ഒരുങ്ങുന്നത്.
ബി.ജെ.പിയെ നിയമസഭയില്‍ തന്നെ നേരിടണമെന്ന ഉദ്ദേശത്തിന്റെ ഭാഗമായാണ് അഖിലേഷ് ഈ നിര്‍ണായക തീരുമാനെമെടുത്തിരിക്കുന്നത്. ഇതിന് പുറമെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മുന്നൊരുക്കങ്ങള്‍ നടത്താനും മുന്നണിയെ ശക്തമായി തന്നെ ചേര്‍ത്തുനിര്‍ത്താനും ഇതിലൂടെ അഖിലേഷിന് സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഇതിന്റെ ഭാഗമായി അഖിലേഷ് തന്റെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് പുറമെ, നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ കക്ഷി നേതാവും അഖിലേഷ് തന്നെയായിരിക്കും.
സമാജ്‌വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ മുന്നണിയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരോടടക്കം ചര്‍ച്ച ചെയ്താണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന് എസ്.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
‘പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരടക്കം അഖിലേഷ് നിയമസഭയില്‍ തന്നെ വേണമെന്ന് അവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം തന്നെയായിരിക്കും ബി.ജെ.പിയെ നേരിടാന്‍ അദ്ദേഹത്തിന് കൂടുതല്‍ ഉതകുന്നത്,’ മുതിര്‍ന്ന എസ്.പി നേതാവ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
എസ്.പിയുടെ സഖ്യകക്ഷിയായ എസ്.ബി.എസ്.പി നേതാവ് ഓംപ്രകാശ് രാജ്ഭര്‍ ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെന്നും, തങ്ങളുടെ സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്താനായി അഖിലേഷ് യു.പിയില്‍ തന്നെ നില്‍ക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, താന്‍ ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും, പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്നും രാജ്ഭര്‍ പ്രതികരിച്ചിരുന്നു.
നേരത്തെ അസംഗഢിലെ എം.പി സ്ഥാനം നിലനിര്‍ത്തുന്നതിനായി അഖിലേഷ് കര്‍ഹാല്‍ മണ്ഡലത്തിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലും, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും മനസില്‍ കണക്കുകൂട്ടിയാണ് നിയമസഭയിലേക്ക് തിരിച്ചുവരാന്‍ അഖിലേഷ് ഒരുങ്ങുന്നത്.
content highlight: Akhilesh resigns Loksabha seat to be leader of opposition in assembly