അസംഗഢ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എം.എല്‍.എ സ്ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്.
അസംഗഢിലെ എം.പി സ്ഥാനം നിലനിര്‍ത്തുന്നതിനായാണ് അഖിലേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കുന്നത്. ബി.ജെ.പിയെ തോല്‍പിച്ച് അഖിലേഷും സംഘവും അധികാരത്തിലേറുകയാണെങ്കില്‍ മുഖ്യമന്ത്രിയാവേണ്ടിയിരുന്നത് അഖിലേഷാണ്.
റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു അഖിലേഷ് കര്‍ഹാലില്‍ നിന്നും തന്റെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. കേന്ദ്രമന്ത്രി എസ്.പി സിംഗ് ബാഗേലിനെ 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അഖിലേഷ് തകര്‍ത്തത്.
കര്‍ഹാലില്‍ മാത്രമല്ല, അഖിലേഷിന്റെ ലോക്‌സഭാ മണ്ഡലമായ അസംഗഢിലെ പത്തില്‍ പത്ത് നിയമസഭാ സീറ്റിലും വമ്പിച്ച വിജയമാണ് എസ്.പി സ്ഥാനാര്‍ത്ഥികള്‍ നേടിയത്.
അഖിലേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇനിയാര് എന്ന ചോദ്യമാണുയരുന്നത്. നിയമസഭയില്‍ യോഗിയ്‌ക്കെതിരെ പോരാടാനായി അഖിലേഷ് തന്റെ എം.പി സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
അഖിലേിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അമ്മാവനും, പ്രഗതീശീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹ്യ) നേതാവുമായ ശിവ്പാല്‍ യാദവിനാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്നത്.
അതുമല്ലെങ്കില്‍, അഖിലേഷിന്റെ സുഹൃത്തും, രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) നേതാവുമായ ജയന്ത് ചൗധരിയെ ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച്, പ്രതിപക്ഷത്തിന്റെ ശബ്ദമാവാന്‍ നിയോഗിക്കുവാനും വിദൂരസാധ്യതകള്‍ കാണുന്നുണ്ട്.
എന്നിരുന്നാലും ശിവപാല്‍ തന്നെയാവും അഖിലേഷിന്റെ അഭാവത്തില്‍ പ്രതിപക്ഷത്തെ നയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മോശം പ്രകടനമായിരുന്നു ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ആകെയുള്ള 403 സീറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 57 സീറ്റ് കുറഞ്ഞ് 255 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. 125 സീറ്റുമായി അഖിലേഷിന്റെ സഖ്യമാണ് ഉത്തര്‍പ്രദേശില്‍ മുഖ്യപ്രതിപക്ഷമാവുക.
തെരഞ്ഞെടുപ്പില്‍ മറ്റേത് പാര്‍ട്ടിയെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടി തന്നെയാണ്. 125 സീറ്റില്‍ 111ഉം എസ്.പി ഒറ്റയ്ക്ക് നേടിയപ്പോള്‍ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി എട്ട് സീറ്റുകളും നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 64 സീറ്റുകളാണ് എസ്.പി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.
Content Highlight: Akhilesh Yadav relinquishes MLA post, to retain Azamgarh MP seat