| Tuesday, 23rd April 2019, 1:12 pm

രാജ്യ വ്യാപകമായി ഇ.വി.എമ്മുകളില്‍ ക്രമക്കേട്, 350 ലേറെ മെഷീനുകള്‍ മാറ്റേണ്ടി വന്നു: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇ.വി.എം മെഷീനുകളില്‍ തകരാര്‍ സംഭവിച്ചതില്‍ പ്രതികരണവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ്.

ഇ.വി.എമ്മുകള്‍ തകരാറിലാവുകയോ ബി.ജെ.പിയ്ക്ക് മാത്രം വോട്ടമരുകയോ ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും 350 ലേറെ സ്ഥലങ്ങളില്‍ മെഷീനുകള്‍ മാറ്റേണ്ടി വന്നതായും അഖിലേഷ് യാദവ് പറഞ്ഞു. ഇ.വി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ പറയുന്നത്. 50,000 കോടി ചെലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന രാജ്യത്തെ സംബന്ധിച്ചെടുത്തോളും ഇത് ക്രിമിനല്‍ കുറ്റമാണ്. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

വോട്ടെടുപ്പിനിടെ ഇന്ന് കേരളത്തിലും യു.പിയിലും ബീഹാറിലും ഗോവയിലും യന്ത്രത്തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് യന്ത്രത്തകരാര്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നത്.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്ക്ക് പോയെന്നായിരുന്നു യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നത്. ചേര്‍ത്തലയില്‍ മോക്ക് പോളിനിടെ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പിയ്ക്കാണെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ഗോവയില്‍ മോക്ക് പോളിനിടെ ആറ് വോട്ട് കിട്ടേണ്ട സ്ഥാനത്ത് ബി.ജെ.പിയ്ക്ക് 17 വോട്ടുകള്‍ കിട്ടിയതായി ഗോവ എ.എ.പി കണ്‍വീനര്‍ എല്‍വിസ് ഗോമസ് ട്വീറ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more