national news
ഇന്ത്യാ സഖ്യത്തിന് കരുത്തേകി അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 25, 11:40 am
Sunday, 25th February 2024, 5:10 pm

ലഖ്നൗ: ബി.ജെ.പിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആഗ്രയിലെത്തിയ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

‘ജനാധിപത്യ സുരക്ഷ-ഇന്ത്യ സഖ്യം’ അധികാരത്തില്‍ വരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറുക്കുന്നവരെപ്പോലും സ്‌നേഹം പഠിപ്പിക്കുന്നതും ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നതുമായ യാത്രയാണ് ആഗ്രയില്‍ നടക്കുന്നതെന്ന് അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.പി നേതാവ് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്ന ജോഡോ യാത്രയെ സംസ്ഥാനത്തെ വോട്ടര്‍മാര്‍ ഏറ്റെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശിലെ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇരു പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കുവാന്‍ ധാരണയായെന്ന് അറിയിച്ചിരുന്നു.

മധ്യപ്രദേശില്‍ ഖജൂറോ മണ്ഡലത്തില്‍ എസ്.പി മത്സരിക്കും. ബാക്കി 28 സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു സംസ്ഥാനത്തെ സീറ്റ് വിഭജനത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത്.

ഫെബ്രുവരി 21ന് പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം അന്തിമമായത്.

2014ല്‍ ഉത്തര്‍പ്രദേശിലെ 80ല്‍ 71 സീറ്റും ബി.ജെ.പി നേടിയപ്പോള്‍ അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയായ അപ്നാ ദള്‍ രണ്ട് സീറ്റും നേടിയിരുന്നു.

2019ല്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം ഉയര്‍ന്നെങ്കിലും സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു. 62 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റുകളും അന്നത്തെ സഖ്യകക്ഷിയായ മായാവതിയുടെ ബി.എസ്.പി 10 സീറ്റുകളും നേടി. കോണ്‍ഗ്രസ് റായ്ബറേലിയില്‍ മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

Content Highlight: Akhilesh Yadav on Bharat Jodo Nyayatra after the seat sharing talks were successful