ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ന്യായ് യാത്രയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് ബി.ജെ.പിയോ കോൺഗ്രസോ അവരുടെ പരിപാടികളിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് അഖിലേഷ് പറഞ്ഞത്.
പാർട്ടി ഓഫീസിൽ നിന്ന് ‘സംവിധാൻ ബചാവോ, ദേശ് ബചാവോ സമാജ്‌വാദി പി.ഡി.എ യാത്ര’ ഫ്ലാഗ് ഓഫ് ചെയ്ത അഖിലേഷ്, യാത്ര അംബേദ്കറിന്റെയും ഡോ. റാം മനോഹർ ലോഹിയയുടെയും മുലായം സിങ് യാദവിന്റെയും പ്രത്യയശാസ്ത്രങ്ങൾ ഗ്രാമങ്ങളിൽ പ്രചരിപ്പിക്കുമെന്നും അറിയിച്ചു.
പി.ഡി.എ എന്നതുകൊണ്ട് പിച്ചഡ, ദളിതർ, അൽപസംഖ്യാക് – മുസ്‌ലിം (പിന്നാക്ക, ദളിത, ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്‌ലിങ്ങൾ) ആണ് ഉദ്ദേശിക്കുന്നത്.
‘പഴയ സോഷ്യലിസ്റ്റുകളുടെ സ്വപ്നം പൂർത്തീകരിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ധാരാളം ജില്ലകളിലൂടെ യാത്ര മുന്നോട്ട് പോകും. പിന്നാക്ക വിഭാഗത്തെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും സവർണ ജാതിയെയും ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായ തൊഴിൽ ലഭിക്കുന്നില്ലെന്ന് അഖിലേഷ് പറഞ്ഞു. എന്നാൽ 2024 മാറ്റത്തിന്റെ വർഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞദിവസം മധ്യപ്രദേശിലെ എസ്.പി യൂണിറ്റിനെ അഖിലേഷ് യാദവ് പിരിച്ചുവിട്ടിരുന്നു. ജില്ലാ യൂണിറ്റുകൾ പിരിച്ചുവിടുകയും പത്ത് ലോക്സഭാ ഇൻ ചാർജുകളെ തസ്തികകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
230 മണ്ഡലങ്ങൾ ഉള്ള മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല. 59 സീറ്റുകളിലാണ് മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടി മത്സരിച്ചിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുന്നതിനെതിരെ അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു
Content Highlight: Akhilesh Yadav not to join Congress’ Bharat Jodo Nyay Yatra