ലക്‌നൗ: 40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മോദിക്ക് 125 കോടി ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായെന്നും അതുകൊണ്ടാണ് അധാര്‍മികമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
കള്ളപ്പണത്തിന്റെെ കരുത്തിലാണ് മോദി തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കുമെന്ന് അവകാശപ്പെടുന്നതെന്നും നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്നും അഖിലേഷ് പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദ പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ദുവിനെയും 72 മണിക്കൂര്‍ വിലക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പ്രസംഗം.
മോദിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനമാണ്. വികസനത്തെക്കുറിച്ച് മോദി പറയുന്നു.എന്നാല്‍ മോദിയുടെ ലജ്ജാകരമായ പ്രസംഗം നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും അഖിലേഷ് ചോദിച്ചു.
സെരംപൂറില്‍ നടന്ന റാലിയിലാണ് എം.എല്‍.എമാരെ കൂറുമാറ്റുമെന്ന് മോദി പ്രസംഗിച്ചത്. ‘ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.’ മോദി പറഞ്ഞു.
ജനങ്ങളെ ചതിച്ചത് കൊണ്ട് മമതയ്ക്ക് മുഖ്യമന്ത്രിയായിരിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും മോദി പറഞ്ഞു. 294 അംഗ നിയമസഭയില്‍ 221 എം.എല്‍.എമാരാണ് തൃണമൂലിനുള്ളത്. 34 പാര്‍ലെമെന്റ് സീറ്റുകളാണ് പാര്‍ട്ടിയ്ക്കുള്ളത്.
കഴിഞ്ഞയാഴ്ച അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മമത ബാനര്‍ജിയോട് സൗഹൃദമുണ്ടെന്നും അവര്‍ തനിയ്ക്ക് കുര്‍ത്ത തരാറുണ്ടെന്നും ഷെയ്ഖ് ഹസീന ബംഗാളി പലഹാരം കൊണ്ട് തരുന്നതറിഞ്ഞ് പലഹാരം കൊണ്ട് തരാറുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കുമെന്ന മോദിയുടെ ഭീഷണി.