'എല്ലാം ശ്രീരാമന്റെ അത്ഭുതം...താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു'; യോഗിയുടെ സന്ദര്‍ശനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
India
'എല്ലാം ശ്രീരാമന്റെ അത്ഭുതം...താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു'; യോഗിയുടെ സന്ദര്‍ശനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2017, 6:55 pm

 

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ് മഹല്‍ സന്ദര്‍ശനത്തെ പരിഹസിച്ച് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. “ഭഗവാന്‍ ശ്രീരാമന്റെ അത്ഭുതമാണ്” യോഗിയെ താജ് മഹലിലെത്തിച്ചതെന്നു പറഞ്ഞായിരുന്നു അഖിലേഷിന്റെ പരിഹാസം.

” എങ്ങനെയൊക്കെയാണ് സമയം മാറുന്നത്… മുഗള്‍ കാലഘട്ടത്തിലെ സ്മാരകം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നു പറഞ്ഞവര്‍തന്നെ അതിന്റെ കവാടം വൃത്തിയാക്കുന്നു.”


Also Read: യു.പിയില്‍ ഗോശാല ഉദ്ഘാടനത്തിനായെത്തിയ മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ വയലിലൂടെ കയറ്റിയിറക്കി കൃഷി നശിപ്പിച്ചു


കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കാനുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരിക്കും ഒരു പക്ഷെ യോഗി താജ് മഹലിന്റെ കവാടത്തില്‍ ചൂലുമായി തൂത്തുവാരാനിറങ്ങിയതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. താജ് മഹല്‍ ഇന്ത്യന്‍ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന ബി.ജെ.പി നേതാക്കളുടെ തുടര്‍ച്ചയായ പ്രസ്താവനകള്‍ക്കിടെയായിരുന്നു യോഗിയുടെ സന്ദര്‍ശനം.

നേരത്തെ താജ്മഹലില്‍ പ്രവേശിക്കുന്നതിന് മുമ്പ് യോഗി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടം വൃത്തിയാക്കിയിരുന്നു. യോഗി താജ്മഹലും പരിസരവും വൃത്തിയാക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളുടെ മനസ് വൃത്തിയാക്കണമെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.


Also Read: ‘ഗ്രൂപ്പുകളി വ്യക്തിതാല്‍പ്പര്യപ്രകാരം’; കെ.പി.സി.സി പട്ടികയിലെ ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി


താജ്മഹല്‍ വൃത്തിക്കാന്‍ വരുന്നതിന് മുമ്പ് പാര്‍ട്ടി അംഗങ്ങളുടേയും കാബിനറ്റ് അംഗങ്ങളുടേയും മനസാണ് വൃത്തിയാക്കേണ്ടത് എന്നായിരുന്നു ഒവൈസിയുടെ വാക്കുകള്‍.അതേസമയം താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് യോഗി അഭിപ്രായപ്പെട്ടു.

“ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍. അത് കാത്ത് സുക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് വിശ്വസിച്ചാല്‍ മതി, താജ്മഹലുമായി ബന്ധപ്പെട്ട് മറ്റൊന്നും കാര്യമാക്കേണ്ട” യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.