| Sunday, 7th April 2019, 3:10 pm

'ന്യായ്' പദ്ധതി നടപ്പാകില്ലെന്നു മായാവതി; ബി.ജെ.പിയും കോണ്‍ഗ്രസും പ്രതിബിംബങ്ങളെന്ന് അഖിലേഷ്; മായാവതി രാജ്യത്തിന്റെ നേതാവെന്ന് അജിത് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സംയുക്തറാലി. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത “ന്യായ്” പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്നും ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് അതെന്നും ബി.എസ്.പി അധ്യക്ഷ മായാവതി ആരോപിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസും പ്രതിബിംബങ്ങളാണെന്നാണ് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞത്. മായാവതി ദേശീയ നേതാവാണെന്ന് ആര്‍.എല്‍.ഡി നേതാവ് അജിത് സിങ് പറഞ്ഞു.

സഹാരന്‍പുരിലെ ദിയോബന്ദില്‍ നടന്ന റാലിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരും റാലിയിലുണ്ടായിരുന്നു. 25 വര്‍ഷത്തിനുശേഷമാണ് എസ്.പിയും ബി.എസ്.പിയും ഒന്നിച്ചൊരു റാലി സംസ്ഥാനത്തു നടത്തുന്നത്. മഹാസഖ്യം അധികാരത്തിലേറുന്നതിനെക്കുറിച്ചു സംസാരിച്ചെങ്കിലും മായാവതിയും അഖിലേഷും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു.

Also Read: അബ് ഹോഗാ ന്യായ്; ജാവേദ് അക്തറിന്റെ വരികളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി- വീഡിയോ

ഏറെ വര്‍ഷം ഭരിച്ചുവെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പരാജയമായിരുന്നെന്നു മായാവതി പറഞ്ഞു. “റോഡ് ഷോകള്‍, ഗംഗാ, യമുനാ സ്‌നാനം, സിനിമാ താരങ്ങള്‍ക്ക് ടിക്കറ്റ്. ഇതൊക്കെയാണ് കോണ്‍ഗ്രസും ബി.ജെ.പിയും തെരഞ്ഞെടുപ്പ് ജയിക്കാനായി ചെയ്യുന്ന തന്ത്രങ്ങള്‍. ബി.ജെ.പിക്കു വെല്ലുവിളിയുയര്‍ത്താന്‍ പോന്ന കരുത്ത് കോണ്‍ഗ്രസിനില്ല. അതിനു മഹാസഖ്യത്തിനു കഴിയൂ.

ബഹളമുണ്ടാക്കാതെയാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ നിശബ്ദ പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസും ഇത്തരം വലിയ അവകാശവാദങ്ങള്‍ മുഴക്കുന്നുണ്ട്. അവര്‍ക്കു ദശാബ്ദങ്ങള്‍ക്കിടെ ചെയ്യാനാവാത്തതാണ് ഇപ്പോള്‍ പറയുന്നത്. പല സംസ്ഥാനങ്ങളില്‍ നിന്നും അവര്‍ തുടച്ചുനീക്കപ്പെട്ടു. ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശാശ്വതപരിഹാരമല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോണ്‍ഗ്രസും ബി.ജെ.പിയും ദാരിദ്ര്യത്തെക്കുറിച്ച് ആലോചിക്കുന്നത്. മിനിമം വരുമാനം നല്‍കുന്നതിനു പകരം ഞങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു തൊഴില്‍ നല്‍കും. ഇന്ദിരാഗാന്ധി പോലും ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഇരുപതിന പദ്ധതി നടപ്പാക്കിയിരുന്നു. പക്ഷേ അതു ഫലപ്രദമായിരുന്നോ?

ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിങ്ങളോട് മഹാസഖ്യത്തിനു വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുകയാണ്. കോണ്‍ഗ്രസ് വോട്ട് വിഭജിക്കുന്ന തിരക്കിലാണ്. പക്ഷേ അവര്‍ക്കു മഹാസഖ്യത്തെ തോല്‍പ്പിക്കണമെന്നില്ല. നിങ്ങള്‍ വോട്ട് വിഭജിക്കണ്ട. അര്‍ഹിക്കുന്നവര്‍ക്കു നല്‍കൂ.”- മായാവതി പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ഹൈവേയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്കുള്ള വിലക്ക് പ്രാബല്യത്തില്‍

ബി.ജെ.പി ഭീതിയിലാണെന്നും ഇനി മഹാസഖ്യം വരുമെന്നും മായാവതി പറഞ്ഞു. മോദിയെ നീക്കിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അതേ വാതില്‍ കാണിച്ചുകൊടുക്കണമെന്ന് അവര്‍ പറഞ്ഞു.

“ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെട്ടിട്ടില്ല. യാഥാര്‍ഥ്യങ്ങള്‍ അവഗണിക്കാനാവില്ല. ആയിരക്കണക്കിനു കോടി രൂപയാണ് അവര്‍ പാഴാക്കിയത്. അതു നികുതിദായകരുടെ പണമാണ്. പാവങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കേണ്ടതായിരുന്നു അത്. പാവപ്പെട്ടവരുടെ ക്ഷേമത്തില്‍ പ്രധാനമന്ത്രിക്ക് ആശങ്കയുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം അവര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമായിരുന്നില്ല. അവരത് അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമായിരുന്നു. കഴിഞ്ഞ ബജറ്റിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.

സംസ്ഥാനത്തെ കരിമ്പുകര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. വ്യാജവാഗ്ദാനങ്ങളില്‍ അവരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടു. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ അവര്‍ക്കു ലഭിക്കാനുള്ള പണം നല്‍കും.

പിന്നാക്കവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കഷ്ടപ്പാടിലാണ്. ബി.ജെ.പിയുടെ വിഭജനചിന്ത ഈ വിഭാഗങ്ങളെ ദ്രോഹിക്കുന്നതാണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ഈ സമുദായങ്ങളുടെ സംവരണപ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ്. സംവരണത്തില്‍ നിന്ന് അവര്‍ക്കു ലഭിക്കേണ്ടുന്നതൊന്നും ലഭിക്കുന്നില്ല. അവര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. ന്യൂനപക്ഷങ്ങളും നേരിടുന്നതു സമാന സാഹചര്യമാണ്.”- മായാവതി പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ബി.ജെ.പി നീക്കം

കോണ്‍ഗ്രസ് മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ അധികാരത്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നും അഖിലേഷ് ആരോപിച്ചു.

“വിദ്വേഷം പ്രചരിപ്പിക്കുന്ന നേതാക്കളാണ് ഇവിടെയുള്ളത്. അവരോടു പഴയ വാഗ്ദാനങ്ങളെക്കുറിച്ചൊന്നു ചോദിച്ചുനോക്കൂ, അവരൊന്നും മിണ്ടില്ല. ഈ സഖ്യം മഹാപരിവര്‍ത്തനത്തിനുള്ളതാണ്. ഒരു പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ളതാണ്. ഈ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ളതാണ്.

2014-ല്‍ നമ്മള്‍ കോടിക്കണക്കിനു തൊഴിലുകളും മറ്റും നല്‍കുമെന്നു വാഗ്ദാനം ചെയ്ത ഒരു ചായ്‌വാലയെ വിശ്വസിച്ചു. ഇപ്പോള്‍ നമ്മളോടു പറയുന്നത് ഒരു ചൗക്കിദാറിനെ വിശ്വസിക്കാനാണ്. എല്ലാ ചൗക്കികളില്‍നിന്നും എല്ലാ ചൗക്കിദാര്‍മാരെയും നീക്കുമെന്നു ഞങ്ങള്‍ ഉറപ്പുവരുത്തും.

ഞങ്ങള്‍ക്ക് ബി.ജെ.പിയോട് ഒരഭ്യര്‍ഥനയുണ്ട്. ഈ നവരാത്രികളില്‍ നിങ്ങള്‍ കള്ളം പറയില്ലെന്നു പ്രതിജ്ഞ ചെയ്യണം. പാവപ്പെട്ടവര്‍ക്ക് ആവശ്യമായ ആരോഗ്യസംവിധാനം ലഭിക്കുന്നില്ല. ഞങ്ങളതു വാഗ്ദാനം ചെയ്യുന്നു. എല്ലാ സ്ഥാനാര്‍ഥികളും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ രാജ്യത്തിനു പുതിയൊരു പ്രധാനമന്ത്രിയേ ലഭിക്കൂ.

മോദി ജനങ്ങളുടെ അച്ഛാ ദിന്നിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹത്തിന്റെ അച്ഛാ ദിന്നിനെക്കുറിച്ചു മാത്രമാണു പറയുന്നതെന്നും അജിത് സിങ് ആരോപിച്ചു. തങ്ങള്‍ക്കു സ്വാധീനമില്ലാത്ത മേഖലകളില്‍ കലാപങ്ങളുണ്ടാക്കിയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read: രാഹുല്‍ ഗാന്ധി വഞ്ചിച്ചു എന്ന തോന്നലില്ല, എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല; സീതാറാം യെച്ചൂരി

സഹാരന്‍പുര്‍ അടക്കം യു.പിയിലെ എട്ടു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 11-നാണ്.

എസ്.പി മുന്‍ അധ്യക്ഷന്‍ മുലായം സിങ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി അടക്കമുള്ളയിടങ്ങളില്‍ അഖിലേഷും മായാവതിയും 11 റാലികള്‍ നടത്തുന്നുണ്ട്. ഏപ്രില്‍ ഏഴിനാരംഭിക്കുന്ന റാലികള്‍ മേയ് 16-നാണ് അവസാനിക്കുന്നത്.

കോണ്‍ഗ്രസുമായി സഖ്യത്തിനു തയ്യാറാകാത്ത എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല.

We use cookies to give you the best possible experience. Learn more