ലക്‌നൗ: ഇന്റര്‍നെറ്റിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.ജെ.പിയുടെ ഐ.ടി സെല്‍ അംഗങ്ങള്‍ ഇന്റര്‍നെറ്റിലെ തീവ്രവാദികളാണെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സമാജ് വാദി നേതാവ് ആവശ്യപ്പെട്ടു.
“ഇത്തരം ആളുകള്‍ ശക്തമായ നിയമനടപടികള്‍ നേരിടണം. ബി.ജെ.പിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇന്റര്‍നെറ്റ് തീവ്രവാദികളെല്ലാം ശിക്ഷിക്കപ്പെടണം. അവര്‍ വളരെ മനോഹരമായി സംസാരിക്കുന്നവരാണെന്നതിനാലാണ് (ഹാസ്യരൂപേണ) അവര്‍ ശിക്ഷിക്കപ്പെടേണ്ടത്. എന്നാല്‍ അവരുടെ ഭാഷയില്‍ മറുപടി പറയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുടെ കുപ്രസിദ്ധമായ ഐ.ടി സെല്ലും തീവ്രവാദവും തമ്മില്‍ അഖിലേഷ് നടത്തിയ താരതമ്യത്തിന് ട്വിറ്ററില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. “അഖിലേഷ് യാദവിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. ബി.ജെ.പി ഐ.ടി സെല്ലിനെ വിശേഷിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഈ പ്രയോഗം ഉപയോഗിക്കണം. നിങ്ങള്‍ ഒരു കൂട്ടം തോല്‍വികളാണ്”- മാധ്യമപ്രവര്‍ത്തകന്‍ അഭിഷര്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
“അഖിലേഷ് യാദവിന്റെ ഇന്റര്‍നെറ്റ് തീവ്രവാദികള്‍ എന്ന പ്രയോഗം തികച്ചും ഉചിതമാണ്. അവര്‍ മിക്ക തീവ്രവാദികളെയും പോലെ ഭീരുക്കളാണ്. പുറത്തു വരാന്‍ ധൈര്യമില്ലാത്ത ഇവര്‍ മാറിനിന്നു കൊണ്ട് വെറുപ്പും, വിദ്വേഷവും കൊണ്ട് ആളുകളെ അക്രമിക്കുകയാണ് ഇവര്‍”- മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് സിദ്ദീഖി ട്വറ്റിറില്‍ കുറിച്ചു.
വ്യാജ വാര്‍ത്തകള്‍ പരത്തുന്നതിലൂടെയും, തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ ഇന്റര്‍നെറ്റിലൂടെ വേട്ടയാടുന്നതിലൂടെയും കുപ്രസിദ്ധിയാര്‍ജിച്ച ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സംഘം ആണ് ബി.ജെ.പി ഐ.ടി സെല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.