ന്യൂദല്‍ഹി: രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലുമൊരു ‘ആസനം’ (യോഗ) നിര്‍ദേശിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ആരോഗ്യം സംരക്ഷിക്കാന്‍ താന്‍ യോഗ അഭ്യസിക്കുന്നുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മുതുക് ശക്തികൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മോദി പറഞ്ഞിരുന്നു. അതുപോലൊരു ആസനം യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും കൂടി നടത്തിയാല്‍ നന്നായിരിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.
ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടിയായി നന്ദി പ്രസംഗം നടത്തുന്ന വേളയില്‍ രാഹുല്‍ ഗാന്ധി എം.പിയെ അഭിസംബോധനചെയ്തായിരുന്നു സൂര്യനമസ്‌കാരത്തെക്കുറിച്ച് മോദി സംസാരിച്ചത്.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റു വാങ്ങേണ്ടി വരുമെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മോദി.
‘രാഹുല്‍ ഗാന്ധി പറഞ്ഞത് എനിക്ക് ആറുമാസത്തിനുള്ളില്‍ അടികിട്ടുമെന്നാണ്. എനിക്കറിയാം അത് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ലെന്ന്. അതായത് ആറുമാസം തയ്യാറെടുപ്പുകള്‍ക്കായിട്ട് വേണം. ഈ ആറുമാസത്തില്‍ ഞാന്‍ സൂര്യനമസ്‌കാരം കൂടുതലായി ചെയ്യും, അപ്പോള്‍ അടിവാങ്ങിക്കാന്‍ എന്റെ മുതുക് തയ്യാറായിരിക്കും,’ മോദി ലോക്‌സഭയില്‍ പറഞ്ഞു.
എന്നാല്‍ തൊഴിലില്ലായ്മയെന്ന യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും പ്രധാനമന്ത്രി മനഃപൂര്‍വ്വം വ്യതിചലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പിന്നീട് ആരോപിച്ചിരുന്നു. അഖിലേഷ് യാദവും ഇതേ പ്രശ്‌നമാണ് ഉന്നയിക്കുന്നത്.
‘രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമേയില്ല. ഒന്നുമില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു ആസനമെങ്കിലും നിര്‍ദേശിച്ചുകൂടെ,’ അഖിലേഷ് പറഞ്ഞു.