| Monday, 13th November 2023, 11:21 pm

എം.ആര്‍.ഐ ഉള്ളപ്പോള്‍ എന്തിന് എക്‌സറേ ; ജാതിസെന്‍സസില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ജാതി സെന്‍സസിനെ എക്‌സറേയുമായി ഉപമിച്ച കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സമാജവാദി പാര്‍ട്ടിയുടെ ദേശീയ അഖിലേഷ് യാദവ്. മധ്യപ്രദേശിലെ ബഹോറിബാദിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എം.ആര്‍.ഐയും സി.ടി സ്‌കാനും പോലുള്ള പുതിയ സാങ്കേതിക വിദ്യ ഉള്ളപ്പോള്‍ എന്തിനാണ് എക്‌സറേ,’ രാഹുല്‍ ഗാന്ധിയുടെ എക്‌സറേ പരാമര്‍ശത്തെ പരിഹസിച്ച് അഖിലേഷ് യാദവ് പറഞ്ഞു. കോണ്‍ഗ്രസ് ജാതി സെന്‍സസിന് ആവശ്യപ്പെടുന്നത് അത്ഭുതമാണെന്നും അഖിലേഷ് റാലിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് മധ്യപ്രദേശിലെ സത് നയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

‘സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയശേഷം ആദ്യം ചെയ്യേണ്ടത് ഓഫീസുകളുടെ കൃത്യമായ എണ്ണം അറിയാന്‍ ജാതി സെന്‍സര്‍ നടത്തുകയാണ്. എല്ലാ പിന്നാക്കക്കാരുടെയും എണ്ണം വെളിപ്പെടുത്തുന്ന ഒരു എക്‌സറേ പോലെയാണ്. അതനുസരിച്ച് അവരുടെ ക്ഷേമത്തിന് നയങ്ങള്‍ രൂപീകരിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതിനെതിരെയാണ് അഖിലേഷ് പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.’ഏറ്റവും വലിയ അത്ഭുതം ജാതി സെന്‍സസിനെ കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നു എന്നതാണ്. ഇപ്പോള്‍ എക്‌സ്‌റേ കുറിച്ച് സംസാരിക്കുന്ന അതേ ആളുകളാണ് സ്വാതന്ത്രത്തിന് ശേഷം ജാതിസെന്‍സ് നിര്‍ത്തലാക്കിയത്,’ അഖിലേഷ് പറഞ്ഞു.

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മൂന്നുമാസം കൊണ്ട് ജാതി സെന്‍സസ് നടപ്പാക്കുമെന്ന് റാലിയില്‍ അഖിലേഷ് പറഞ്ഞു.

‘മൂന്നുമാസത്തിനുള്ളില്‍ ജാതികള്‍ കണക്കാക്കാനാകും. എല്ലാ ഡാറ്റയും ലഭ്യമാണ.് എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്തിന് സമയമെടുക്കണം?’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മധ്യപ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അഖിലേഷ് രംഗത്തെത്തിയിരുന്നു.

content highlight:  Akhilesh Yadav jabs Rahul Gandhi for calling caste census an ‘X-ray’

We use cookies to give you the best possible experience. Learn more