അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
Daily News
അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2016, 7:17 pm

akhilesh


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സഹോദരന്‍ രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടില്‍ നിന്ന് പുറത്താക്കി. മുലായം സിങ് യാദവാണ് തീരുമാനം അറിയിച്ചത്. 6 വര്‍ഷത്തേക്കാണ് അഖിലേഷിനെ പുറത്താക്കിയിരിക്കുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ്  ഇരുവരെയും പുറത്താക്കിയത്. രാം ഗോപാല്‍ യാദവ് തന്റെ മകന്റെ ഭാവി തകര്‍ക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് ആരോപിച്ചു. തന്റെ അനുവാദമില്ലാതെ എങ്ങനെയാണ് രാം ഗോപാല്‍ യാദവ് ദേശീയ എക്‌സിക്യൂട്ടീവ് വിളിച്ച് കൂട്ടുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുലായം ചോദിച്ചു. അഖിലേഷിന് പകരം പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ കഷ്ടപ്പെട്ടാണ് ഈ പാര്‍ട്ടി (സമാജ്‌വാദി പാര്‍ട്ടി) ഞാന്‍ കെട്ടിപ്പടുത്തത്. എന്തായിരുന്നു ഇതില്‍ അവരുടെ റോള്‍. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതിന്റെ ഫലം അനുഭവിക്കുകയായിരുന്നു അവര്‍ (അഖിലേഷും രാംഗോപാല്‍ യാദവും)  മകനെതിരെ ആഞ്ഞടിച്ചു കൊണ്ട് മുലായം പറഞ്ഞു.


കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി സമാജ്‌വാദി പാര്‍ട്ടിക്കുളളില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവ് കൈമാറിയ സ്ഥാനാര്‍ഥി പട്ടിക എതിരാളിയും ഇളയച്ഛനുമായ ശിവപാല്‍ യാദവ് വെട്ടിതിരുത്തിയത് പാര്‍ട്ടിയെ വന്‍പ്രതിസന്ധിയിലാക്കിയിരുന്നു.


ഇതിന് പിന്നാലെ നിലപാട് വിശദീകരിക്കാന്‍ അഖിലേഷ് യാദവ് രാത്രി ഒന്‍പതിന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അഖിലേഷിനും രാഗോപാല്‍ യാദവിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഇരുവരെയും പുറത്താക്കിയത്.

മുലായം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് സമാന്തരമായി മറ്റൊരു സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനാണ് അഖിലേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.