| Thursday, 29th September 2022, 3:48 pm

യു.പിയില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിക്കേ കഴിയൂ: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പൈത്താന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എസ്.പി കഠിനമായി പ്രയത്നിച്ചു. എന്നാല്‍ ബി.ജെ.പി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചു. ഇതാണ് തങ്ങള്‍ തോല്‍ക്കാന്‍ കാരണം. 2019ലെയും 2022ലെയും പരീക്ഷണങ്ങള്‍ വിജയിച്ചില്ല. എനിക്ക് ഒരു കാര്യം പറയാന്‍ കഴിയും. ഇന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അത് സമാജ്വാദി പാര്‍ട്ടിയാണ്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, അഖിലേഷ് യാദവിനെ ഏകകണ്ഠമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് അറിയിച്ചു. രമാഭായ് അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ദേശീയ സമ്മേളനത്തിലാണ് തീരുമാനം.

‘ ഇത് വെറുമൊരു പോസ്റ്റല്ല, വലിയ ഉത്തരാവാദിത്തമാണ്. ഈ ഉത്തരവാദിത്തവും നിറവേറ്റാനായി ജീവിതത്തിലെ എല്ലാ ദിവസവും എല്ലാ നിമിഷവും മാറ്റിവെക്കും. എന്റെ ജീവിതം സമരങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കുമായി അര്‍പ്പിക്കുന്നുവെന്നും,’ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം, 2017 ലാണ് പിതാവ് മുലായം സിങ് യാദവില്‍ നിന്ന് അഖിലേഷ് സമാജ്‌വാദി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.

2017ല്‍ നടന്ന അടിയന്തര യോഗത്തില്‍ എസ്.പി അധ്യക്ഷനായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അഖിലേഷ് ആ വര്‍ഷം ഒക്ടോബറില്‍ ആഗ്രയില്‍ വെച്ച് നടന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ രണ്ടാം തവണയും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Content highlight: Akhilesh Yadav elected Samajwadi Party president for third time

We use cookies to give you the best possible experience. Learn more