ഒരിക്കല്‍ക്കൂടി നോട്ടുനിരോധനം കൊണ്ടുവരൂ, അതിനു ശേഷം തെരഞ്ഞെടുപ്പു നേരിടൂ: മോദി സര്‍ക്കാരിന് അഖിലേഷ് യാദവിന്റെ വെല്ലുവിളി
national news
ഒരിക്കല്‍ക്കൂടി നോട്ടുനിരോധനം കൊണ്ടുവരൂ, അതിനു ശേഷം തെരഞ്ഞെടുപ്പു നേരിടൂ: മോദി സര്‍ക്കാരിന് അഖിലേഷ് യാദവിന്റെ വെല്ലുവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 10:16 pm

ലഖ്‌നൗ: ധൈര്യമുണ്ടെങ്കില്‍ മോദി സര്‍ക്കാര്‍ ഒരുതവണ കൂടി നോട്ടുനിരോധനം കൊണ്ടുവരട്ടെയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഒരിക്കല്‍ക്കൂടി നോട്ടുനിരോധനം നടപ്പിലാക്കിയതിനു ശേഷം തെരഞ്ഞെടുപ്പു നേരിടാനാണ് മോദി സര്‍ക്കാരിനോടുള്ള അഖിലേഷിന്റെ വെല്ലുവിളി.

ലഖ്‌നൗവില്‍ നടന്ന ഹിന്ദുസ്ഥാന്‍ ശിഖര്‍ സമാഗമില്‍ പങ്കെടുത്തു സംസാരിക്കവേയാണ് നോട്ടുനിരോധനത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്കു സമയമായെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടത്. ” മോദി നോട്ടുനിരോധനം നടപ്പില്‍ വരുത്തുമ്പോള്‍ വാദപ്രതിവാദങ്ങളൊന്നും നടന്നിരുന്നില്ല. എന്നാലിപ്പോള്‍, നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെല്ലാം തിരിച്ചറിയപ്പെട്ടിട്ടുണ്ട്.”

 

Also Read: കിട്ടാക്കടങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ്: “ഫോണ്‍-എ-ലോണ്‍ പദ്ധതി” സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും പ്രധാനമന്ത്രി

 

“ഏകപക്ഷീയമായ തീരുമാനമായിരുന്നു അത്. 2017ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പു ജയിക്കുമ്പോള്‍ നോട്ടുനിരോധനം വലിയ വിജയമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അങ്ങിനെയെങ്കില്‍, അവര്‍ നോട്ടുനിരോധനം ഒരിക്കല്‍ക്കൂടി നടപ്പില്‍ വരുത്തട്ടെ. വരാനിരിക്കുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനു ശേഷം ജയിച്ചു കാണിക്കട്ടെ.” അഖിലേഷ് പറയുന്നു.

താന്‍ യാഥാര്‍ത്ഥ്യബോധമുള്ളയാളാണെന്നും ഉത്തര്‍പ്രദേശില്‍ മെച്ചപ്പെട്ട റോഡുകളും സൗകര്യങ്ങളും കൊണ്ടുവരിക എന്നതാണ് തന്റെ സ്വപ്‌നമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.