| Saturday, 14th January 2023, 7:51 pm

പുണ്യമായ ഗംഗക്ക് മുകളില്‍ മദ്യം വിളമ്പാനാണോ ഉദ്ദേശം, അത് അവര്‍ക്ക് മാത്രമേ പറയാന്‍ സാധിക്കൂ; ബി.ജെ.പിക്കെതിരെ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര കപ്പല്‍ യാത്രയായ ഗംഗാ വിലാസ് ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. നദിയില്‍ ആദ്യമായി കപ്പല്‍ യാത്ര ആരംഭിച്ചു എന്ന ബി.ജെ.പിയുടെ വാദം തെറ്റാണെന്നും 17 വര്‍ഷം മുമ്പ് തന്നെ ഗംഗയില്‍ ഇതുണ്ടായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് പുതിയ കാര്യമൊന്നുമല്ല, കഴിഞ്ഞ 17 വര്‍ഷമായി ഇതിവിടെ നിലനിന്നിരുന്നു. അവര്‍ അത് വികസിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്,’ അഖിലേഷ് പറഞ്ഞു.

ഇത് കേവലം കപ്പല്‍ യാത്ര മാത്രമല്ലെന്നും, കപ്പലില്‍ തന്നെ ബാര്‍ അടക്കം ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞ അഖിലേഷ്, പുണ്യ നദിയായ ഗംഗയില്‍ വെച്ച് മദ്യം വിളമ്പാനാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.

‘അഴിമതിയുടെ കാര്യത്തിലും കള്ളം പറയുന്നതിലും ബി.ജെ.പി എന്നും മുമ്പിലാണ്. അത് കേവലമൊരു കപ്പല്‍ മാത്രമല്ല എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അതില്‍ ഒരു ബാറും ഉണ്ടത്രെ.

ഇതുവരെ നമ്മള്‍ കേട്ടിട്ടുള്ളത് ഗംഗയിലെ ആരതിയെ കുറിച്ചും പൂജകളെ കുറിച്ചൊക്കെയുമാണ്. ഗംഗയില്‍ വെച്ച് ഒരുപാട് തവണ നമ്മളെല്ലാവരും ബോട്ടില്‍ യാത്ര ചെയ്തതുമാണ്.

ഒരു പുണ്യ സ്ഥലത്ത് എന്ത് ചെയ്യണമെന്നും എന്ത് ചെയ്യാന്‍ പാടില്ല എന്നും നമ്മള്‍ക്കറിയാവുന്നതും മുമ്പുള്ളവര്‍ പറഞ്ഞ് തന്നിട്ടുള്ളതുമാണ്. ഇനി അതിനുള്ളില്‍ ബാര്‍ ഉണ്ടോ എന്ന് ബി.ജെ.പിക്ക് മാത്രമേ പറയാന്‍ സാധിക്കൂ,’ അഖിലേഷ് യാദവ് പറഞ്ഞു.

ഇത് ധനികര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണെന്നും ഗംഗയില്‍ ചെറുബോട്ടുകള്‍ ഓടിക്കുന്ന നിഷാദ വിഭാഗത്തിന് ഇതുകൊണ്ട് എന്ത് നേട്ടമാണുള്ളതെന്നും അഖിലേഷ് നേരത്തെ ചോജിച്ചിരുന്നു.

പ്രായമാകുമ്പോള്‍ ആത്മീയതയില്‍ മുഴുകി ജീവിക്കാനായി വാരണാസിയില്‍ നിരവധി ആളുകളാണ് എത്താറുള്ളത്. ആത്മീയ കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമാണ് ഇവര്‍ ഗംഗിയലും വാരണാസിയിലും എത്തുന്നത്. എന്നാല്‍ ബി.ജെ.പിയാകട്ടെ ഇവിടെ ടൂറിസം സാധ്യതകളാണ് പ്രോത്സാഹിപ്പിക്കുന്നത്.

പണമുണ്ടാക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം. പുറത്ത് നിന്നുള്ള വമ്പന്‍ ബിസിനസുകാര്‍ക്കാണ് ഇത്തരം പദ്ധതികള്‍ മൂലം ലാഭമുണ്ടാകുന്നത്. സാധാരണക്കാരായ പ്രദേശ വാസികളെ അവഗണിച്ചുകൊണ്ടാണ് ബി.ജെ.പി ഇതിനെല്ലാം മുതിരുന്നത്,’ അഖിലേഷ് യാദവ് പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിയായ ഗംഗാ വിലാസ് വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. യു.പിയിലെ വാരാണാസിയില്‍ നിന്നും ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിലേക്കാണ് കപ്പല്‍ യാത്ര ചെയ്യുക.

51 ദിവസം കൊണ്ട് 3200 കിലോമീറ്ററാണ് കപ്പല്‍ യാത്ര ചെയ്യുക. യാത്രക്കിടെ വിവിധ പൈതൃക സ്ഥലങ്ങളും ദേശീയോദ്യാനങ്ങളും സന്ദര്‍ശിക്കുകയും ചെയ്യും.

Content highlight: Akhilesh Yadav criticize BJP

We use cookies to give you the best possible experience. Learn more