സഖ്യമുണ്ടാക്കിയത് മുതല്‍ ബി.ജെ.പി ശല്യപ്പെടുത്തുകയാണ്; താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ല, വിവാഹം അതിന്റെ തെളിവ്: അഖിലേഷ് യാദവ്
D' Election 2019
സഖ്യമുണ്ടാക്കിയത് മുതല്‍ ബി.ജെ.പി ശല്യപ്പെടുത്തുകയാണ്; താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ല, വിവാഹം അതിന്റെ തെളിവ്: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 8:36 am

ന്യൂദല്‍ഹി: താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ലെന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഡിംപിള്‍ യാദവുമായുള്ള വിവാഹമെന്നും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം.

ബി.എസ്.പിയുമായി തന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കിയത് മുതല്‍ ബി.ജെ.പി ശല്യപ്പെടുത്തുകയാണെന്നും ബി.ജെ.പി മതത്തിനും ജാതി സമ്പ്രദായത്തിനും കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും ഇത് തടയാന്‍ അവര്‍ ഉത്തര്‍ പ്രദേശില്‍ തോല്‍ക്കണം. അതുകൊണ്ടാണ് സഖ്യം ചേര്‍ന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ജനം സമര്‍ത്ഥരാണെന്നും ഇനി അവരുടെ തന്ത്രമൊന്നും നടക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും ഉണ്ടാവുകയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

‘ഞാന്‍ ജാതിയില്‍ വിശ്വസിക്കുന്ന ആളല്ല. ഞങ്ങള്‍ ഇരുവരും വിവാഹം ചെയ്തത് ജാതി സമ്പ്രദായത്തിന്റെ മതിലുകളെല്ലാം പൊളിച്ചാണ്’ അഖിലേഷ് വിശദീകരിച്ചു.

ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് സഖ്യമുണ്ടാക്കിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശിലെ എസ്.പി ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് വലിയ രീതിയില്‍ തിരിച്ചടിയാകുമെന്ന് അഭിപ്രായ സര്‍വ്വേ വന്നിരുന്നു. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളില്‍ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേ ഫലം.