ലഖ്‌നൗ: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഓരോ ദിവസവും കൂടുന്ന ഇന്ധന വിലവര്‍ധനവിനെയാണ് അഖിലേഷ് വിമര്‍ശിക്കുന്നത്.
ഇത്തരത്തില്‍ ഓരോ ദിവസവും പെട്രോളിന് 80 പൈസ വെച്ച് കൂടിക്കൊണ്ടിരുന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാവുമ്പോഴേക്കും പെട്രോള്‍ ലിറ്ററിന് 275 രൂപയാവുമെന്നാണ് അഖിലേഷ് കണക്കുകൂട്ടുന്നത്.
ഈ വര്‍ഷം നവംബര്‍ ഡിസംബര്‍ മാസങ്ങളിലായാണ് ഗുജറാത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
‘ബി.ജെ.പി ഭരണത്തിലെ പണപ്പെരുപ്പത്തിന്റെ ഗണിതശാസ്ത്രം’ എന്നാണ് ഇന്ധന വിലവര്‍ധനവിനെ കുറിച്ച് അഖിലേഷ് പറയുന്നത്.
ഹിന്ദിയിലാണ് അഖിലേഷ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ആരെയും പേരെയുത്ത് പറയാതെ, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുപോലും പറയാതെയായിരുന്നു അഖിലേഷിന്റെ ട്വീറ്റ്.
जनता कह रही है कि 80 पैसे प्रतिदिन या लगभग 24 रु. महीने के हिसाब से पेट्रोल के दाम यूँ ही बढ़ते रहे तो अगले जो चुनाव नवंबर-दिसंबर में होंगे, इस बीच 7 महीने में दाम लगभग 175 रु. बढ़ जाएंगे मतलब आज के 100 रु लीटर से बढ़कर पेट्रोल 275 रु. लीटर हो जाएगा।
‘പെട്രോളിന് ഒരു ദിവസം 80 പൈസ എന്ന നിരക്കിലോ അതോ മാസം 24 രൂപ എന്ന നിരക്കിലോ വിലവര്‍ധിക്കുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നവംബറിലോ ഡിസംബറിലോ അടുത്ത ഏഴ് മാസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ 175 രൂപയുടെ വര്‍ധനവ് ഉണ്ടാകുമെന്ന് ജനങ്ങള്‍ പറയുന്നു,’ അഖിലേഷ് ട്വീറ്റ് ചെയ്തു.
അതേസമയം പെട്രോളിനും ഡിസലിനും ഇന്നും വില കൂടിയിരിക്കുകയാണ്. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. പത്തുദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയും വര്‍ധിച്ചു.
ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 115 രൂപ 01 പൈസയും ഡീസലിന് 101 രൂപ 83 പൈസയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 02 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമായി. കോഴിക്കോട് പെട്രോളിന് 113 രൂപ 20 പൈസയും ഡീസലിന് 100 രൂപ 18 പൈസയുമായി.