ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. പ്രയാഗ്‌രാജിലേക്കുള്ള പ്രത്യേക വിമാനത്തില്‍ കയറുന്നതില്‍ നിന്നാണ് അഖിലേഷിനെ പൊലീസ് തടഞ്ഞത്.
അലഹാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാനായി പോകാന്‍ ലക്‌നൗ വിമാനത്താവളത്തിലെത്തിയ അഖിലേഷിനെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയായിരുന്നു.
രേഖാമൂലമുള്ള ഉത്തരവുകളൊന്നും ഇല്ലാതെയാണ് പൊലീസ് തന്നെ തടഞ്ഞതെന്ന് അഖിലേഷ് പറഞ്ഞു. യാത്രവിവരങ്ങളും പരിപാടി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതര്‍ക്ക് നേരത്തെ കൈമാറിയിരുന്നുവെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.
അലഹബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്‌വാദി പാര്‍ട്ടി ചത്ര സഭയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തെ യുവജനങ്ങള്‍ അനീതിക്കെതിരാണെന്നത് ബി.ജെ.പി സര്‍ക്കാറിനെ ഭയപ്പെടുത്തുന്നുണ്ടെന്നും അതാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കരുതെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം അലഹാബാദ് സര്‍വകലാശാല അധികൃതര്‍ അഖിലേഷിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അലഹബാദ് സര്‍വകലാശാല കാമ്പസില്‍ അഖിലേഷിന് അനുമതി നിഷേധിച്ചിരുന്നുവെന്നും ക്രമസമാധാനം പാലിക്കുന്നതിനായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
WATCH THIS VIDEO: