പ്രയാഗ്‌രാജ്: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15ഓളം പേർ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്രയും വലിയ അപകടത്തിന് കാരണമായത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് അദ്ദേഹം വിമർശിച്ചു.
ഭക്തരോട് സംയമനം പാലിക്കണമെന്ന് യാദവ് ട്വീറ്റിൽ ആവശ്യപ്പെടുകയും ചെയ്തു. ഭക്തരുടെ താമസം, ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
‘മഹാ കുംഭ മേളയിൽ അധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടായ അപകടത്തിൽ ഭക്തർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ഈ ദുഷ്‌കരമായ സമയത്ത് സംയമനവും ക്ഷമയും പാലിക്കാനും സമാധാനപരമായി തീർത്ഥാടനം പൂർത്തിയാക്കാനും ഞങ്ങൾ ഭക്തരോട് അഭ്യർത്ഥിക്കുന്നു. ഇന്നത്തെ സംഭവത്തിൽ നിന്ന് സർക്കാർ പാഠം പഠിക്കണം. അപകടത്തിൽ പരിക്കേറ്റ എല്ലാവർക്കും താമസം, ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ചെയ്യുക, ‘ അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചയോടെയാണ് കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി വാർത്തകൾ വന്നത്. രണ്ടാം സ്‌നാന ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതോടെ അവിടെ നിർമിച്ചിരുന്ന ബാരിക്കേഡ് തകർന്നതാണ് അപകടത്തിന് കാരണം.
ഏകദേശം പതിനഞ്ചോളം മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവത്തിൽ 30 മുതൽ 40 വരെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അപകടത്ത് തുടർന്ന് ഇന്ന് (ജനുവരി 29 ) നടത്താനിരുന്ന അമൃത് സ്നാൻ അഖാരകൾ നിർത്തിവെച്ചതായി അഖാര പരിഷത്ത് (കൗൺസിൽ) അറിയിച്ചു. പരിക്കേറ്റവരെ കുംഭ മേളയിലെ സെക്ടർ രണ്ടിലെ താത്കാലിക ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: Akhilesh Yadav blames stampede at Kumbh Mela due to mismanagement