യുവാക്കളോട് പക്കവട കച്ചവടം നടത്താന്‍ പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്: അഖിലേഷ് യാദവ്
national news
യുവാക്കളോട് പക്കവട കച്ചവടം നടത്താന്‍ പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2018, 4:50 pm

ലക്‌നൗ: റഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇടപാട് അന്താരാഷ്ട്ര പ്രശ്‌നമായിരിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

വ്യാജവാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെയും അതിന്റെ നയങ്ങളെയും ജനങ്ങള്‍ക്ക് മടുത്തു. കര്‍ഷകര്‍ ആത്മഹത്യ ചെയ്ത്‌കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിപ്പോഴും യുവാക്കളോട് പക്കവട കച്ചവടം നടത്തിക്കൊള്ളാന്‍ പറയുകയാണെന്നും അഖിലേഷ് പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി എസ്.പി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് അഖിലേഷിന്റെ വിമര്‍ശനം. മുലായം സിങും അഖിലേഷിനൊപ്പം വേദി പങ്കിട്ടിരിക്കുകയാണ്.

എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് അഖിലേഷിനൊപ്പം മുലായം വേദി പങ്കിട്ടത്.

” പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത സൃഷ്ടിക്കാന്‍ യുവാക്കള്‍ക്ക് കഴിയണം. പാവപ്പെട്ടവരെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും സഹായിക്കാന്‍ യുവാക്കള്‍ക്കാകും. അപ്പോള്‍ മാത്രമെ ഒരു നല്ല നേതാവാകാന്‍ കഴിയൂ. എസ്.പിയ്ക്ക് ഒരിക്കലും പ്രായമാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” മുലായം പറഞ്ഞു.

ഈ റാലിയിലെ യുവാക്കളുടെ പ്രാതിനിധ്യം തന്നെ സന്തോഷിപ്പിക്കുന്നുവെന്നും മുലായം കൂട്ടിച്ചേര്‍ത്തു. ഇനിയും യുവാക്കള്‍ എസ്.പിയിലേക്ക് വരുമെന്നും കാരണം ബി.ജെ.പി സര്‍ക്കാരിനെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മുലായം കൂട്ടിച്ചേര്‍ത്തു.