'സി.ബി.ഐ വോട്ടുചെയ്യില്ല' ; തെരഞ്ഞെടുപ്പ് വരുമ്പോള്‍ സി.ബി.ഐയെ ആയുധമാക്കുന്ന ബി.ജെ.പിയ്‌ക്കെതിരെ അഖിലേഷ് യാദവ്
national news
'സി.ബി.ഐ വോട്ടുചെയ്യില്ല' ; തെരഞ്ഞെടുപ്പ് വരുമ്പോള്‍ സി.ബി.ഐയെ ആയുധമാക്കുന്ന ബി.ജെ.പിയ്‌ക്കെതിരെ അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 7:17 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് ഖനന അഴിമതിയില്‍ തനിക്കെതിരെ സി.ബി.ഐ അന്വേഷണ ഭീഷണി മുഴക്കുന്ന ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്. സി.ബി.ഐയെ പേടിയില്ലെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അന്വേഷണ ഏജന്‍സിയെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

“ഒരിക്കല്‍ കൂടി സി.ബി.ഐയെ കാണാന്‍ അവസരം കിട്ടിയിരിക്കുകയാണ്. കോണ്‍ഗ്രസ് കാലത്താണ് ഇതിന് മുമ്പ് സി.ബി.ഐയെ കണ്ടത്. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരം നല്‍കും. പക്ഷെ ബി.ജെ.പിയ്ക്കുള്ള മറുപടി ജനങ്ങളാണ് നല്‍കുക.

പണമാവട്ടെ സി.ബി.ഐ ആവട്ടെ, തനിനിറം കാണിച്ച ബി.ജെ.പി തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് കളിയും കളിയ്ക്കും. പക്ഷെ സി.ബി.ഐയുടെ അടുത്ത് നിന്ന് വോട്ട് കിട്ടില്ലെന്ന് ബി.ജെ.പി ആദ്യം മനസിലാക്കണം. അഖിലേഷ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അനധികൃത ഖനനത്തിന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അഖിലേഷിനും മറ്റൊരു മുതിര്‍ന്ന എസ്.പി നേതാവിനുമെതിരെയാണ് സി.ബി.ഐ അന്വേഷണ സാധ്യത നിലനില്‍ക്കുന്നത്.