| Tuesday, 16th May 2023, 5:48 pm

ഓരോ പാര്‍ട്ടിയും ശക്തമായുള്ളിടത്ത് അവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിടും: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: 2024ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള മാര്‍ഗങ്ങള്‍ തയ്യാറാക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് ശക്തിയുള്ളിടത്ത് അവരെ പിന്തുണക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ പ്രസ്താവനയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ ഒരു പാര്‍ട്ടി എവിടെയാണോ ശക്തമായിട്ടുള്ളത്, അവിടെയൊക്കെ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക.

നിതീഷ് കുമാര്‍, മമത ബാനര്‍ജി, കെ.സി.ആര്‍ തുടങ്ങിയവരുള്‍പ്പെടുന്ന വ്യത്യസ്ത പാര്‍ട്ടികള്‍ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എവിടെയാണോ ശക്തമായിട്ടുള്ളത് അവരെ അവിടെ പിന്തുണക്കുമെന്ന് മമത പറഞ്ഞിരുന്നു.

‘കോണ്‍ഗ്രസ് എവിടെയാണോ ശക്തമായിട്ടുള്ളത് അവിടെ അവരെ പിന്തുണക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ബംഗാളില്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കെതിരെ പോരാടുന്ന നിലപാട് അവര്‍ അവസാനിപ്പിക്കണം.

കോണ്‍ഗ്രസ് ശക്തമായുള്ളിടത്ത് അവരെ പോരാടാന്‍ അനുവദിക്കും. അതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ അവരും മറ്റ് പാര്‍ട്ടികളെ പിന്തുണക്കാന്‍ തയ്യാറാകണം. ഞാന്‍ നിങ്ങള്‍ക്ക് കര്‍ണാടകയില്‍ പിന്തുണ നല്‍കി. എന്നാല്‍ നിങ്ങള്‍ എപ്പോഴും എനിക്കെതിരെ പോരാടുന്നു. അത് ശരിയല്ല,’ എന്നാണ്  മമത മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് ക്രമീകരണം അന്തിമ ഘട്ടത്തിലല്ലെന്നും ഇനിയും ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ശക്തമായി നില്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കും പരിഗണന നല്‍കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

content highlight: akhilesh yadav about opposition unity

We use cookies to give you the best possible experience. Learn more