ലഖ്‌നൗ: യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പിയെ അഭിനന്ദിച്ച് സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവ്. ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നതായും ചുമതലയേല്‍ക്കാന്‍ പോകുന്ന പുതിയ സര്‍ക്കാരിന് ആശംസകള്‍ നേരുന്നതായും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അന്തിമഘട്ടത്തിലേക്കടുക്കവേയാണ് പരാജയം സമ്മതിച്ച് അഖിലേഷ് വാര്‍ത്താസമ്മേളനം നടത്തിയത്.
കോണ്‍ഗ്രസുമായുള്ള സഖ്യം തെരഞ്ഞുടുപ്പില്‍ വിജയത്തിലേക്ക് നയിച്ചില്ലെങ്കിലും ബന്ധം അവസാനിപ്പിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി. “കോണ്‍ഗ്രസുമായുള്ള സഖ്യം തുടരാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് തന്റെ എക്‌സ്പ്രസ്സ് വേ ഇഷ്ടപ്പെട്ടില്ലെന്നാണ് തോന്നുന്നത്. അവര്‍ ബുള്ളറ്റ് ട്രെയിനിനാണ് വോട്ട് ചെയ്തിരിക്കുന്നത്.” അഖിലേഷ് പറഞ്ഞു.
വോട്ടിംങ് മെഷീനിന്റെ വിശ്വാസിതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് അത് സൂക്ഷ്മ പരിശോധനയക്ക് വിധേയമാക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ബി.എസ്.പി അധ്യക്ഷ മായവതി ഉന്നയിച്ച വേട്ടിംങ് മെഷീനുകളിലെ ക്രമക്കേടിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് കഴിയുന്ന വിധത്തില്‍ വിഷയത്തില്‍ ഇടപെടുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പി സ്ഥാനാര്‍ത്തിയ്ക്ക് ലഭിക്കുന്ന വിധത്തിലായിരുന്നു വോട്ടിംങ് മെഷീനുകളെന്നും തെരഞ്ഞെടുപ്പ് പിന്‍വലിച്ച് ബാലറ്റ് പേപ്പറിലൂടെ ഇലക്ഷന്‍ നടത്തണമെന്നുമായിരുന്നു മായവതി ആവശ്യപ്പെട്ടിരുന്നത്. അന്തിമ ഫലപ്രഖ്യാപനം വരാനിരിക്കേ 322 സീറ്റുകളിലാണ് യു.പിയില്‍ ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ്- എസ്.പി സഖ്യം 54 സീറ്റുകള്‍ നേടിയപ്പേള്‍ ബി.എസ്.പി 19 സീറ്റുകളാണ് സ്വന്തമാക്കിയത്.