| Wednesday, 28th March 2018, 3:05 pm

എസ്.പിയും ബി.എസ്.പിയും ഒറ്റക്കെട്ട് : മായാവതിയുടെ അനുഭവസമ്പത്തിന്റെ പിന്തുണയില്‍ സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും അഖിലേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.എസ്.പി നേതാവ് മായാവതിയുടെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ എസ്.പി. ബി.എസ്.പി സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.

അഖിലേഷ് യാദവിന് രാഷ്ട്രീയത്തില്‍ കൂടുതല്‍ അനുഭവ സമ്പത്തുണ്ടായിരുന്നെങ്കില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിജയത്തേക്കാള്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമായിരുന്നു എന്ന മായാവതിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അഖിലേഷ്.


Dont Miss ആംബുലന്‍സ് ഇല്ല; പിതാവിന്റെ മൃതദേഹം സൈക്കിളില്‍ ചുമന്ന് ഭിന്നശേഷിക്കാരനായ മകന്‍ ; സംഭവം യോഗിയുടെ യു.പിയില്‍


മായാവതിയുടെ രാഷ്ട്രീയ അനുഭവസമ്പത്ത് എസ്.പി-ബി.എസ്.പി സഖ്യത്തിന് മുതല്‍ക്കൂട്ടാവുമെന്നും ഫല്‍പൂര്‍ ഗോരഖ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തിന്റെ മൊത്തം വികാരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

എസ്.പി ബി.എസ്.പി സഖ്യം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയെന്നും ആ ശ്രമം പരാജയപ്പെട്ടാല്‍ അവര്‍ ഒരിക്കലും അധികാരത്തിലെത്തില്ലെന്നും അഖിലേഷ് പറഞ്ഞു.

എസ്.പിയും ബി.എസ്.പിയും ഇന്ന് ഒറ്റക്കെട്ടാണ്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ബി.എസ്.പിക്കെതിരെ പല കേസുകളും കുത്തിപ്പൊക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ തക്കമായ മറുപടി തന്നെ നിങ്ങള്‍ക്ക് മായാവതി ജി നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പരാജയത്തിന്റെ കയ്പ് നുണഞ്ഞുകൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more