ഇന്ത്യ സഖ്യം ദേശീയ തലത്തിൽ മാത്രം; മധ്യപ്രദേശ് തെരഞ്ഞെടുപ്പ് തർക്കത്തിൽ അഖിലേഷ് യാദവ്
ന്യൂദൽഹി: പ്രതിപക്ഷ മുന്നണിയായ ഇന്ത്യ ദേശീയ തലത്തിൽ മാത്രമേയുള്ളൂ എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന തലത്തിലും സഖ്യം ഉണ്ടോയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ദേശീയ തലത്തിൽ മാത്രമേ സഖ്യമുള്ളൂ എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. ശരി, സമയം വരുമ്പോൾ ദേശീയ തലത്തെ കുറിച്ച് നമുക്ക് സംസാരിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് സഖ്യം ബാധകമല്ല എന്ന് ഞങ്ങൾ അംഗീകരിച്ചു. അതിനാൽ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം തുടങ്ങിക്കഴിഞ്ഞു,’ അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന തലത്തിൽ സഖ്യമില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ സമീപിക്കുമായിരുന്നില്ല എന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഇന്ത്യയിലെ സഖ്യ കക്ഷിയായിട്ടും മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്ത കോൺഗ്രസ് നിലപാടിനെതിരെ എസ്.പി കഴിഞ്ഞ ദിവസം കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു. പ്രഖ്യാപിച്ച സീറ്റുകൾ വിട്ടുതന്നില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസ് വിവരമറിയും എന്ന രീതിയിൽ എസ്.പി നേതാക്കൾ പ്രതികരിച്ചിരുന്നു.
യു.പി അതിര് പങ്കിടുന്ന മധ്യപ്രദേശിലെ ചില മണ്ഡലങ്ങൾ എസ്.പിയുടെ ശക്തി കേന്ദ്രങ്ങളാണ്. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുമെന്ന് നേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും എസ്.പി മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെ തുടർന്ന് എസ്.പി നേതാക്കൾ രംഗത്ത് വരികയായിരുന്നു.
ഇതിനെ തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിലും എസ്.പി മത്സരിക്കുമെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഉത്തർപ്രദേശിന് പുറത്തേക്ക് പാർട്ടിയെ വളർത്തി എസ്.പിയെ ദേശീയ പാർട്ടിയാക്കി മാറ്റുക എന്നതാണ് അഖിലേഷ് ലക്ഷ്യമിടുന്നത്.
Content Highlight: Akhilesh says INDIA alliance only at national level amid tensions with Congress