ബീഹാറില്‍ തോല്‍വിയ്ക്ക് കാരണം സീറ്റ് വിഭജനത്തിലെ പാളിച്ചയെന്ന് കോണ്‍ഗ്രസ് നേതാവ്; രാഹുലുമായി ചര്‍ച്ച ഉടന്‍
national news
ബീഹാറില്‍ തോല്‍വിയ്ക്ക് കാരണം സീറ്റ് വിഭജനത്തിലെ പാളിച്ചയെന്ന് കോണ്‍ഗ്രസ് നേതാവ്; രാഹുലുമായി ചര്‍ച്ച ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th November 2020, 5:08 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയ്ക്ക് കാരണം സീറ്റ് വിഭജനത്തിലെ പിഴവെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രചരണത്തിന് നേതൃത്വം നല്‍കിയ അഖിലേഷ് പ്രസാദ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ വേണ്ട മാറ്റങ്ങളെപ്പറ്റി ചര്‍ച്ച നടത്തുമെന്നും അഖിലേഷ് പറഞ്ഞു.

‘ബീഹാറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്ത സീറ്റുകള്‍ തെറ്റായിരുന്നു. തെരഞ്ഞെടുക്കലിന് മുമ്പ് ആഴത്തിലുള്ള വിശകലനം നടത്തേണ്ടിയിരുന്നു. എന്നാല്‍ തിടുക്കത്തിലുള്ള സീറ്റ് വിഭജനം പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. രാഹുല്‍ ഗാന്ധിയുമായി ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്താന്‍ ആലോചിക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ ബലഹീനതകളും പ്രശ്‌നങ്ങളും അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. വരും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കേണ്ടതിനെപ്പറ്റിയും അദ്ദേഹവുമായി ചര്‍ച്ച നടത്തും’, അഖിലേഷ് എന്‍ഡിടിവിയോട് പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞിരുന്നു.

ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ മത്സരിച്ചതില്‍ 8 സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്,’ കപില്‍ സിബല്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കിയതെന്നും നേരത്തെ നേതൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞു.

സംഘടനാപരമായി കോണ്‍ഗ്രസിന് സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അതിന്റെ ഉത്തരവും എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ഉത്തരം സ്വയം ചികഞ്ഞ് കണ്ടെത്താനുള്ള ഒരു ശ്രമവും പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് നടക്കുന്നില്ല. എല്ലാവരുടെയും ഇന്നത്തെ ആശങ്കയും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേന്ദ്രം മുഖ്യധാരാ മാധ്യമങ്ങളെ വരെ നിയന്ത്രിക്കുകയാണെന്നും ജനങ്ങളിലേക്കെത്താന്‍ മറ്റു വഴികള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ഒരു ഫലവും കിട്ടുന്നില്ല. അപ്പോള്‍ അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബീഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ പതിവ് പോലെ എല്ലാം ഒരു ബിസിനസാണെന്നാവും അവര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്ന വിമര്‍ശനവുമായി ആര്‍.ജെ.ഡി, സി.പി.ഐ.എം.എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bihar Congress Leader Reveals Reasons On Defeat Of Congress In Polls