| Sunday, 24th December 2023, 9:38 am

പൃഥ്വിരാജിന്റെ ലൂസിഫറില്‍ മുഖം കാണിച്ചാല്‍ ഗുണം കിട്ടുന്നവരുണ്ടെങ്കില്‍ കാസ്റ്റ് ചെയ്യാന്‍ രാജുവേട്ടന്‍ പറഞ്ഞു: അഖിലേഷ് മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ പുറത്തിറങ്ങിയ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രണ്‍ബീര്‍ കപൂര്‍ സിനിമയായ അനിമലില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ എഡിറ്റ് ചെയ്ത മലയാളിയാണ് അഖിലേഷ് മോഹന്‍. പൃഥ്വിരാജ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എമ്പുരാന്‍ സിനിമയിലും ഇദ്ദേഹം ഭാഗമാകുന്നുണ്ട്.

ലൂസിഫര്‍, കുരുതി, ബ്രദേഴ്സ് ഡേ, ബ്രോ ഡാഡി എന്നീ സിനിമകളിലും അഖിലേഷ് മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് അഖിലേഷ്.

‘എമ്പുരാന്റെ കൂടുതല്‍ ഡീറ്റെയില്‍സ് എനിക്ക് അറിയില്ല. ഒരുപാട് സ്ഥലങ്ങളില്‍ വെച്ചാണ് ആ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതെന്ന് മാത്രമറിയാം. സിനിമയുടെ എഡിറ്റ് ചെയ്യുന്നത് ഞാനാണ്. രാജുവേട്ടന്‍ എന്ന വ്യക്തിയാണ് നമ്മളെ ഇന്‍ഡിപെണ്ടന്റാക്കിയത്. അതുകൊണ്ട് എന്റെ ആദ്യ പ്രയോരിറ്റി അദ്ദേഹമാണ്. കാരണം പുള്ളി എനിക്ക് തുടര്‍ച്ചയായി മൂന്ന് പടങ്ങള്‍ തന്നിട്ടുണ്ട്.

പുള്ളി വിളിച്ചാല്‍ ഈ സിനിമയിലേക്ക് എഡിറ്റിന് വരാന്‍ ഒരുപാട് ആളുകളുണ്ട്. ചിലപ്പോള്‍ ആള്‍ക്ക് നമ്മളുടെ വര്‍ക്ക് ഒരുപാട് ഇഷ്ടമായിരിക്കാം, അല്ലെങ്കില്‍ ആള്‍ ആഗ്രഹിക്കുന്നത് നമ്മള്‍ രക്ഷപെട്ട് കാണണം എന്നാകും. എമ്പുരാനിലെ ഈ വര്‍ക്ക് ചെയ്താല്‍ അത് എനിക്ക് ഒരുപാട് ഗുണം ചെയ്യും. കാരണം മലയാളത്തില്‍ വരുന്ന ഏറ്റവും വലിയ ഒരു സിനിമയാണ് ഇത്.

എല്ലാവരെയും രാജുവേട്ടന്‍ അങ്ങനെയാണ് കാണുന്നത്. കഴിവ് മാത്രം നോക്കിയല്ല അദ്ദേഹം ഒരാളെ കൂടെ നിര്‍ത്തുന്നത്. കഴിവും, പുള്ളി പറയുന്ന കമ്മ്യൂണിക്കേഷന്‍ കറക്റ്റായാലും പിന്നെ ഇതുകൊണ്ട് നമ്മള്‍ രക്ഷപെടുകയാണെങ്കില്‍ രക്ഷപെടട്ടെ എന്ന ചിന്തയും ഉണ്ടാകും.

ലൂസിഫര്‍ സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്യാന്‍ ആളുകളെ വേണ്ട സമയത്ത് അസോസിയേറ്റ് ഓരോ ആളുകളെ കാണിച്ച് ഈ ആളെ കൊണ്ട് ആ കഥാപാത്രം ചെയ്യിച്ചാലോ എന്ന് ചോദിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം ലൊക്കേഷനില്‍ ഒരു ആര്‍ട്ടിസ്റ്റ് വന്നു. ആള്‍ ലൊക്കേഷനില്‍ വെറുതെ വന്നതാണ്. അന്ന് ഷൂട്ട്
ചെയ്യാനുള്ള സീനിലേക്ക് ഒരു കഥാപാത്രം ചെയ്യാന്‍ ആളെ വേണമായിരുന്നു. അസോസിയേറ്റ് വന്നിട്ട് ആ ആളെ കൊണ്ട് അഭിനയിപ്പിച്ചാലോ എന്ന് ചോദിച്ചു.

അപ്പോള്‍ രാജുവേട്ടന്‍ പറഞ്ഞത് ‘വേണ്ട. പുള്ളി ഒരു ആര്‍ട്ടിസ്റ്റല്ലേ. പുള്ളിയെ കൊണ്ട് ചെയ്യിക്കാന്‍ മാത്രമൊന്നുമില്ല. ആകെ രണ്ട് ഷോട്ട് മാത്രമേ ഉണ്ടാകുകയുള്ളൂ. ആര്‍ക്കെങ്കിലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സിനിമയില്‍ മുഖം കാണിച്ചുവെന്ന കാരണം കൊണ്ട് എന്തെങ്കിലും ഗുണം കിട്ടുന്നമെങ്കില്‍, അവരെ കാസ്റ്റ് ചെയ്‌തോളു’ എന്നായിരുന്നു. അത് അവര്‍ക്ക് ഒരു ഗുണമല്ലേ എന്നും പറഞ്ഞു. പുള്ളി അതുകൊണ്ടാണ് നമ്മളെയൊക്കെ സിനിമയില്‍ ഉള്‍പെടുത്തുന്നത്,’ അഖിലേഷ് മോഹന്‍ പറയുന്നു.


Content Highlight: Akhilesh Mohan Talks About Prithviraj Sukumaran And Lucifer

We use cookies to give you the best possible experience. Learn more