D' Election 2019
അഖിലേഷ് യാദവ്, മനേകാ ഗാന്ധി, ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ; ആറാംഘട്ട വോട്ടെടുപ്പില്‍ മത്സരം ഇങ്ങനെ
ന്യൂദല്‍ഹി: മനേകാ ഗാന്ധി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷനേതാക്കളുടെയും ജനവിധി നാളെയെഴുതും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച ദല്‍ഹിയിലെയും ആറു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
മനേകയെക്കൂടാതെ കേന്ദ്രമന്ത്രിമാരായ രാധാ മോഹന്‍ സിങ്, ഹര്‍ഷ് വര്‍ധന്‍, കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ മണ്ഡലങ്ങളിലും നാളെ വിധിയെഴുത്ത് നടക്കും.
ഉത്തര്‍പ്രദേശിലെ 14, ഹരിയാണയിലെ 10, ബിഹാര്‍, മധ്യപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ എട്ട്, ദല്‍ഹിയിലെ ഏഴ്, ജാര്‍ഖണ്ഡിലെ നാല് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 10.17 കോടി വോട്ടര്‍മാരാണ് 979 സ്ഥാനാര്‍ഥികളുടെ വിധിയെഴുതുക. 1.13 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
നാളെ വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ 45-ഉം നേടിയത് ബി.ജെ.പിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് രണ്ടെണ്ണം മാത്രമാണ്. എസ്.പിയും എല്‍.ജെ.പിയും ഓരോ സീറ്റുകള്‍ നേടി.
ഉത്തര്‍പ്രദേശ്
സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ 13 എണ്ണവും നേടിയത് ബി.ജെ.പിയാണ്. എസ്.പി നേതാവ് മുലായം സിങ് യാദവ് ജയിച്ച അസംഗഢ് മാത്രമാണ് ബി.ജെ.പിക്കു പിടികൊടുക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഗോരഖ്പുര്‍, ഫുല്‍പുര്‍ എന്നിവിടങ്ങള്‍ ബി.ജെ.പിക്കു നഷ്ടപ്പെട്ടു. 1998 മുതല്‍ 2017 വരെ ഇന്നത്തെ യു.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു ഗോരഖ്പുര്‍. ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പ്രതിനിധാനം ചെയ്ത ഫുല്‍പുരായിരുന്നു 2014-ല്‍ ഇന്നത്തെ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്. എന്നാല്‍ മൗര്യ ഉപമുഖ്യമന്ത്രിയായപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കിതു നഷ്ടപ്പെട്ടു.
അതേസമയം അസംഗഢില്‍ പിതാവിന്റെ സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അഖിലേഷ്. ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ യാദവാണ് അവിടെ ബി.ജെ.പി സ്ഥാനാര്‍ഥി.
കഴിഞ്ഞതവണ വരുണ്‍ ഗാന്ധി ജയിച്ച സുല്‍ത്താന്‍പുരില്‍ അമ്മ മനേകാ ഗാന്ധിയെയാണ് ബി.ജെ.പി ഇത്തവണ മത്സരിപ്പിക്കുന്നത്.
മധ്യപ്രദേശ്
സംസ്ഥാനത്തെ ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ഭോപ്പാലിലാണ്. കോണ്‍ഗ്രസിനുവേണ്ടി മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തിറങ്ങിയപ്പോള്‍ ബി.ജെ.പിക്കു വേണ്ടി പ്രജ്ഞാ സിങ് താക്കൂറാണു രംഗത്തുള്ളത്. പ്രചാരണകാലയളവില്‍ പ്രജ്ഞ നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വിവാദമുണ്ടാക്കിയിരുന്നു.
ഗുണ മണ്ഡലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ജനവിധി തേടുമ്പോള്‍ മൊറേനയില്‍ നിന്നു കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ മത്സരിക്കുന്നുണ്ട്.
ദല്‍ഹി
സംസ്ഥാനത്തെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. 164 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 18 പേര്‍ മാത്രമാണു സ്ത്രീകള്‍.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്, ഒളിമ്പ്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്, കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരാണ് ദല്‍ഹിയിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.
ഹരിയാണ
സംസ്ഥാനത്തെ 223 സ്ഥാനാര്‍ഥികളില്‍ കേന്ദ്രമന്ത്രിമാരായ റാവു ഇന്ദര്‍ജിത് സിങ്, കൃഷ്ണന്‍ പാല്‍ ഗുര്‍ജര്‍ എന്നിവരുമുണ്ട്.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും ഇത്തവണ മത്സരരംഗത്തുണ്ട്. സോനിപത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ കൂടിയായ ഹൂഡ മത്സരിക്കുന്നത്. റോഹ്തക്കില്‍ നിന്നു മുന്‍പു നാലുതവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. റോഹ്തക്കില്‍ നിന്ന് തുടര്‍ച്ചയായ നാലാംവട്ടവും ജനവിധി തേടുന്നത് ഹൂഡയുടെ മകനായ ദീപേന്ദര്‍ ആണെന്നതും ശ്രദ്ധേയമാണ്.
കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ്ങിന്റെ മകന്‍ ബ്രിജേന്ദ്ര സിങ് (ബി.ജെ.പി), മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ ചെറുമകന്‍ ഭവ്യ ബിഷ്‌ണോയ് (കോണ്‍ഗ്രസ്) എന്നിവര്‍ ഹിസാറില്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഒ.പി ചൗട്ടാലയുടെ ചെറുമകനും പുതുതായി രൂപീകരിച്ച ജെ.ജെ.പിയുടെ നേതാവും സിറ്റിങ് എം.പിയുമായ ദുഷ്യന്ത് ചൗട്ടാലയും മത്സരിക്കുന്നുണ്ട്.
മുന്‍ കേന്ദ്രമന്ത്രി കുമാരി സെല്‍ജ, കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ അശോക് തന്‍വര്‍ എന്നിവരും ജനവിധി തേടും.
ബംഗാള്‍
ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുമുന്നണികള്‍ ശക്തമായി മത്സരരംഗത്തുള്ള സംസ്ഥാനം കൂടിയാണ് ബംഗാള്‍. മുന്‍പ് വളരെ ശക്തമായി മാവോയിസ്റ്റ് പ്രവര്‍ത്തനം നടന്നിരുന്ന ബാങ്കുര, വെസ്റ്റ് മിഡ്‌നാപുര്‍, ഝര്‍ഗ്രാം, പുരുലിയ ജില്ലകളില്‍ ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ജാര്‍ഖണ്ഡ്
സംസ്ഥാനമന്ത്രി ചന്ദ്രപ്രകാശ് ചൗധരി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ്, മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത എന്നിവരാണ് സംസ്ഥാനത്തെ 67 സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍.
ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളും കഴിഞ്ഞതവണ ബി.ജെ.പി ജയിച്ചുകയറിയ മണ്ഡലങ്ങളാണ്.
ബിഹാര്‍
കേന്ദ്ര കാര്‍ഷികമന്ത്രി രാധാ മോഹന്‍ സിങ് അടക്കം നാല് സിറ്റിങ് എം.പിമാരാണു സംസ്ഥാനത്തു മത്സരരംഗത്തുള്ളത്. 127 സ്ഥാനാര്‍ഥികളാണ് ആകെ മത്സരിക്കുന്നത്.