| Monday, 24th June 2019, 10:54 am

അഖിലേഷ് മുസ്‌ലിം വിരുദ്ധന്‍; മുസ്‌ലീങ്ങള്‍ക്ക് സീറ്റുകൊടുക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടെന്ന് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: എസ്.പി- ബി.എസ്.പി സഖ്യം പിരിഞ്ഞ് മൂന്നാഴ്ചയ്ക്കിപ്പുറം എസ്.പി പ്രസിഡന്റ് അഖിലേഷ് യാദവിനെതിരെ ആക്രമണവുമായി ബി.എസ്.പി പ്രസിഡന്റ് മായാവതി. അഖിലേഷ് മുസ്‌ലിം വിരുദ്ധനാണെന്ന് മായാവതി ആരോപിച്ചു.

സാമുദായിക ധ്രുവീകരണത്തിനു വഴിവെക്കുമെന്നതിനാല്‍ മുസ്‌ലീങ്ങള്‍ക്ക് സീറ്റു നല്‍കരുതെന്ന് അഖിലേഷ് തന്നോട് പറഞ്ഞെന്നാണ് മായാവതി പറഞ്ഞത്.

‘ പക്ഷേ അദ്ദേഹം പറഞ്ഞത് ഞാന്‍ അനുസരിച്ചില്ല. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യാദവരല്ലാത്തവരോടും ദളിതരോടും അനീതി കാട്ടിയിട്ടുണ്ട്. അതിനാലാണ് അവര്‍ എസ്.പിക്കു വോട്ടുനല്‍കാത്തത്. ദളിതരുടെ ഉയര്‍ച്ചയ്‌ക്കെതിരെയും എസ്.പി പ്രതിഷേധിച്ചിരുന്നു.’ അടച്ചിട്ട മുറിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ മായാവതി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

യു.പിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച അഞ്ച് എസ്.പി എം.പിമാരില്‍ മൂന്നുപേര്‍ മുസ്‌ലീങ്ങളാണ്.

വോട്ടെണ്ണല്‍ നടന്ന ദിവസം അഖിലേഷ് യാദവിനെ താന്‍ വിളിച്ചിട്ട് അദ്ദേഹം ഫോണെടുത്തില്ലെന്നും മായാവതി പറഞ്ഞു. ‘ എന്തുകൊണ്ടാണ് എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതിരുന്നതെന്ന് അദ്ദേഹം പറയണമായിരുന്നു.’ അഖിലേഷ് പറഞ്ഞു.

കുറേയേറെ സീറ്റുകളില്‍ എസ്.പി തന്നെ വഞ്ചിച്ചെന്നും അവിടങ്ങളില്‍ എസ്.പി പ്രവര്‍ത്തകര്‍ ബി.എസ്.പിയെ പരാജയപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചെന്നും മായാവതി ആരോപിക്കുന്നു.

താജ് കോറിഡോര്‍ കേസില്‍ തന്നെ കുടുക്കാന്‍ ബി.ജെ.പിക്ക് എസ്.പി നേതാവ് മുലായാം സിങ് കൂട്ടുനിന്നെന്നും മായാവതി യോഗത്തില്‍ ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

താജ് മഹലിനു സമീപമുള്ള സ്ഥലങ്ങള്‍ നവീകരിക്കാനാണ് 2012ല്‍ മായാവതി താജ് കോറിഡോര്‍ പ്രോജക്ട് കൊണ്ടുവന്നത്. 17 കോടി രൂപ ചിലവു വരുന്ന പ്രോജക്ടിനെക്കുറഇച്ച് അന്വേഷിക്കാന്‍ 2013ല്‍ സുപ്രീം കോടതി സി.ബി.ഐയ്ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

We use cookies to give you the best possible experience. Learn more