കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തനതത്വങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലെന്ന രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
എസ്.പി സ്ഥാനാര്‍ത്ഥി പുഷ്‌പേന്ദ്ര അഹിര്‍വാറിനെ പിന്തുണച്ച് മധ്യപ്രദേശിലെ ചാന്ദ്‌ല നിയമസഭാ മണ്ഡലത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പിയും കോണ്‍ഗ്രസിനും ഒരേ തത്വങ്ങളാണുള്ളത്. എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസില്‍ ഉള്ളവര്‍ ബി.ജെ.പിയിലേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്കും പോകാം. സംസ്ഥാനത്ത് ഒരു മാറ്റവും ഉണ്ടായിട്ടില്ല.
അതിനാല്‍ മാറ്റത്തിനും പുതിയ പാതക്കും വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ വന്നത്.
നിങ്ങള്‍ ആഴത്തില്‍ ചിന്തിച്ചാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഒരു വ്യത്യാസമില്ല എന്നും അവരുടെ പരിപാടികളും തത്വങ്ങളും ഒരുപോലെയാണെന്നും മനസ്സിലാക്കാം,’ അഖിലേഷ് യാദവ് പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ഒറ്റിക്കൊടുത്തത് കൊണ്ട് സമാജ് വാദി പാര്‍ട്ടിക്ക് മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യ ചര്‍ച്ചകളില്‍ പരാജയപ്പെട്ടതിന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെയും യാദവ് ആഞ്ഞടിച്ചു.
‘കമല്‍(താമര) എന്ന പേരിട്ടിരിക്കുന്ന ഒരാളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്? അദ്ദേഹം ബി.ജെ.പിയെ പോലെ സംസാരിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ സംസാരിക്കും?,’അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം മധ്യപ്രദേശിലെ സഖ്യത്തെ ചൊല്ലി എസ്.പിയും യു.പി കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരുന്നു. എന്നിരുന്നാലും കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തിന് ഒരു പരിഹാരമുണ്ടാകുമെന്ന് അഖിലേഷ് പിന്നീട് സൂചന നല്‍കി.
‘കോണ്‍ഗ്രസിന്റെ ഉന്നത നേതാവില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിച്ചു. അത് അംഗീകരിക്കേണ്ടി വരും,’ അഖിലേഷ് പറഞ്ഞു.
എന്നാല്‍ അഖിലേഷും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷവും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് എസ്.പി വക്താവ് രാജേന്ദ്രചൗദരി പറഞ്ഞു.
Content Highlight: Akhilash yadav on congress