| Saturday, 30th November 2024, 10:02 pm

ബോഡിഷെയ്മിങ് കമന്റുകള്‍ ആ സമയത്ത് എന്നെ വല്ലാതെ കരിയിപ്പിച്ചിട്ടുണ്ട്: അഖില ഭാര്‍ഗവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് അഖില ഭാര്‍വന്‍. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ അഖില അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ് എന്ന ഷോര്‍ട് ഫിലിമിലൂടെ സുപരിചിതയായി. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലെ കാര്‍ത്തിക എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് അഖില കാഴ്ചവെച്ചത്. തിയേറ്ററുകളില്‍ വലിയ വിജയമായി മുന്നേറുന്ന സൂക്ഷ്മദര്‍ശിനിയിലും അഖില ഭാഗമായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ ചെയ്തിരുന്ന തുടക്കകാലത്ത് താന്‍ ഒരുപാട് ബോഡിഷെയ്മിങ് കമന്റുകള്‍ നേരിട്ടിരുന്നുവെന്ന് പറയുകയാണ് അഖില. അത്തരം കമന്റുകള്‍ തന്നെ വല്ലാതെ ബാധിച്ചിരുന്നെന്ന് അഖില പറഞ്ഞു. അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്‌സ് റിലീസായ ശേഷം തന്റെ റീലുകള്‍ക്ക് താഴെ ആളുകള്‍ തന്നെ വല്ലാതെ ബോഡിഷെയ്മിങ് ചെയ്തിരുന്നുവെന്നും അതെല്ലാം കണ്ട് വിഷമിച്ചുവെന്നും അഖില കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ക്കേ കുടുംബത്തിലുള്ളവരും കൂട്ടുകാരും വണ്ണമില്ലാത്തതിനെക്കുറിച്ച് കളിയാക്കുമായിരുന്നെന്നും അതൊന്നും അത്രക്ക് കാര്യമായി എടുത്തില്ലായിരുന്നെന്നും അഖില പറഞ്ഞു. എന്നാല്‍ യാതൊരു പരിചയവുമില്ലാത്തവര്‍ വന്ന് മെലിഞ്ഞിരിക്കുന്നതിനെ കളിയാക്കിയപ്പോള്‍ വല്ലാതെ ബാധിച്ചെന്നും തന്റെ പങ്കാളിയായ രാഹുലാണ് ആ സമയത്ത് തനിക്ക് കോണ്‍ഫിഡന്‍സ് തന്നതെന്നും അഖില കൂട്ടിച്ചേര്‍ത്തു.

ആരാണ് ഇതിനെയൊക്കെ സിനിമയിലെടുത്തതെന്നുള്ള കമന്റുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും പല സമയത്തും ഇഷ്ടമുള്ള വേഷം ധരിക്കാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നെന്നും അഖില പറഞ്ഞു. മെലിഞ്ഞവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ എന്ന് രാഹുല്‍ തന്നോട് ചോദിച്ച് തന്നെ മോട്ടിവേറ്റ് ചെയ്തിരുന്നുവെന്നും അഖില കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അഖില ഭാര്‍ഗവന്‍.

‘ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്ത് തുടങ്ങിയ സമയത്ത് എനിക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി അറിവില്ലായിരുന്നു. പിന്നീട് ആദ്യത്തെ സിനിമ ചെയ്തു, അത് കഴിഞ്ഞ് അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ് ചെയ്തു. അതൊക്കെ കഴിഞ്ഞ് വീണ്ടും റീലുകളിലേക്ക് എത്തിയപ്പോഴാണ് ഇത്തരം ബോഡിഷെയ്മിങ് കമന്റുകള്‍ എന്നെ വല്ലാതെ അഫക്ട് ചെയ്തത്. അതൊക്കെ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്.

ചെറുപ്പം തൊട്ട് വണ്ണമില്ലാത്തതിന്റെ പേരില്‍ ഫാമിലിയിലുള്ളവരും ചില ഫ്രണ്ട്‌സുമെല്ലാം വണ്ണമില്ലാത്ത കാര്യം പറഞ്ഞ് ചെറുതായി കളിയാക്കുമായിരുന്നു. അന്ന് അതെന്നെ തീരെ ബാധിച്ചില്ല. പക്ഷേ യാതൊരു പരിചയവുമില്ലത്ത ചിലര്‍ വന്ന് നമ്മുടെ ശരീരത്തെ കളിയാക്കിയത് എന്നെ തളര്‍ത്തിക്കളഞ്ഞു. അന്ന് രാഹുലാണ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിരുന്നത്.

വണ്ണമില്ലാത്തതുകൊണ്ട് ഇഷ്ടമുള്ള ഡ്രസ് പോലും ഇടാന്‍ പറ്റില്ലായിരുന്നു. ‘ചുള്ളിക്കമ്പ് പോലിരിക്കുന്ന ഇതിനെയൊക്കെ ആരാ സിനിമയിലെടുത്തത്?’ എന്നുള്ള കമന്റ് വായിച്ച് ഞാന്‍ കരഞ്ഞിട്ടുണ്ട്. ‘മെലിഞ്ഞവര്‍ക്ക് സിനിമയിലഭിനയിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ’ എന്നൊക്കെ പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്തത് രാഹുലായിരുന്നു,’ അഖില ഭാര്‍ഗവന്‍ പറഞ്ഞു.

Content Highlight: Akhila Bhargvan saying Bodyshaming comments affected her badly

We use cookies to give you the best possible experience. Learn more