|

പ്രേമലുവിന്റെ സമയത്ത് ലാലേട്ടനെ കണ്ടു; അദ്ദേഹത്തിന്റെ ആ ചോദ്യം ഞാന്‍ ഒരിക്കലും മറക്കില്ല: അഖില ഭാര്‍ഗവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ് എന്ന വെബ് സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് അഖില ഭാര്‍ഗവന്‍. 2023ല്‍ പുറത്തിറങ്ങിയ പൂവന്‍ എന്ന പടത്തിലൂടെയാണ് അഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം ഇറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവിലും നടി അഭിനയിച്ചിരുന്നു.

താന്‍ പ്രേമലുവിന്റെ ഡബ്ബിങ് സമയത്ത് വിസ്മയ സ്റ്റുഡിയോയില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് അഖില ഭാര്‍ഗവന്‍. നേരിന്റെ ഡബ്ബിങ്ങിനായിരുന്നു മോഹന്‍ലാല്‍ വന്നതെന്നും അന്ന് അദ്ദേഹത്തെ കണ്ടതും തനിക്ക് ഒന്നും പറയാനോ ചെയ്യാനോ അനങ്ങാനോ സാധിച്ചില്ലെന്നും നടി പറയുന്നു.

അന്ന് അവിടേക്ക് കയറി വന്ന മോഹന്‍ലാല്‍ തന്നോട് ചോദിച്ച ചോദ്യമോ ആ നിമിഷമോ തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും അഖില പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ലാലേട്ടനെ ഒരിക്കല്‍ കണ്ടിരുന്നു. പ്രേമലുവിന്റെ ഡബ്ബിന്റെ സമയത്തായിരുന്നു അത്. അന്ന് ഡബ്ബിങ് വിസ്മയയില്‍ വെച്ചായിരുന്നു നടന്നത്. അപ്പോള്‍ ലാലേട്ടന്‍ അവിടെ വരുമെന്ന് ആരോ പറയുന്നത് കേട്ടു. നേരിന്റെ ഡബ്ബിങ്ങിന് വേണ്ടിയായിരുന്നു അദ്ദേഹം വരുന്നത്.

രാവിലെ ആരോ ഈ കാര്യം പറയുന്നതാണ് ഞാന്‍ കേട്ടത്. പക്ഷെ എന്റെ ഡബ്ബിങ് ഉച്ചക്ക് തന്നെ കഴിഞ്ഞു. എന്നിട്ടും ഞാന്‍ വൈകുന്നേരം ആറ് മണി വരെ അവിടെ തന്നെയിരുന്നു. അവസാനം ലാലേട്ടന്‍ വന്നു. ഞാന്‍ സത്യത്തില്‍ ആ സമയത്ത് വീഡിയോ എടുക്കാന്‍ വേണ്ടി ഫോണുമായിട്ടാണ് കാത്തിരുന്നത്.

പക്ഷെ ലാലേട്ടന്‍ വന്നപ്പോള്‍ എനിക്ക് ഒന്നും പറയാനോ ചെയ്യാനോ അനങ്ങാനോ സാധിച്ചില്ല. ഞാന്‍ ആകെ സ്റ്റക്കായിരുന്നു. വീഡിയോ എടുക്കാനായി റെക്കോഡ് ഞാന്‍ പ്രസ് ചെയ്തിരുന്നു. എന്നെ എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് അത് ഞാന്‍ ആദ്യമേ തന്നെ ചെയ്തിരുന്നു (ചിരി).

അവിടേക്ക് കയറി വന്നതും ലാലേട്ടന്‍ ചോദിച്ചത് ‘എന്താ മോളേ’ എന്നായിരുന്നു. ആ മൊമന്റോ ചോദ്യമോ ഞാന്‍ ഒരിക്കലും മറക്കില്ല. അത്ര മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. എങ്കിലും അന്ന് അദ്ദേഹവുമായി നടന്ന കൂടികാഴ്ച എനിക്ക് ഒരിക്കലും മറക്കാനാവില്ല,’ അഖില ഭാര്‍ഗവന്‍ പറഞ്ഞു.


Content Highlight: Akhila Bhargavan Talks About Mohanlal