|

എത്രയോ സിനിമകള്‍ ചെയ്തിട്ടും മമിത ഫേവറിറ്റെന്ന് പറയാറുള്ളത് ഒരു സെറ്റിനെ കുറിച്ച് മാത്രം: അഖില ഭാര്‍ഗവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. 2024ല്‍ തിയേറ്ററില്‍ എത്തിയ ഈ സിനിമ ആ വര്‍ഷം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്.

ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറായിരുന്നു. മമിത ബൈജുവും നസ്‌ലെനും ആയിരുന്നു ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്. കാര്‍ത്തിക എന്ന കഥാപാത്രമായി സിനിമയില്‍ അഖില ഭാര്‍ഗവനും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ പ്രേമലുവിലൂടെ തനിക്ക് ലഭിച്ച സൗഹൃദങ്ങളെ കുറിച്ച് പറയുകയാണ് അഖില. പ്രേമലുവില്‍ മമിത ബൈജുവുമായിട്ടായിരുന്നു തനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നതെന്നും എത്രയോ സിനിമകള്‍ ചെയ്ത മമിത തന്റെ ഫേവറിറ്റ് സെറ്റായി പറഞ്ഞിട്ടുള്ളത് പ്രേമലുവിന്റെ സെറ്റിനെ കുറിച്ചായിരുന്നുവെന്നും നടി പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില ഭാര്‍ഗവന്‍.

പ്രേമലുവില്‍ മമിത ബൈജുവും ആയിട്ടായിരുന്നു എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നത്. സിനിമയുടെ സമയത്ത് ആക്ടേഴ്‌സിന് താമസിക്കുവാന്‍ ഒരു അപ്പാര്‍ട്ടുമെന്റ് എടുത്തിരുന്നു.

അതുകൊണ്ട് തന്നെ ഷൂട്ട് കഴിഞ്ഞ് വന്നാല്‍ നസ്‌ലെന്‍, സംഗീതേട്ടന്‍, ശ്യാമേട്ടന്‍, മമിത, ഞാന്‍ എല്ലാവരും സംസാരിക്കും, ഫുഡ് ഉണ്ടാക്കി കഴിക്കും. ആ ദിവസം ഉണ്ടായ തമാശകള്‍ പരസ്പരം പങ്കുവയ്ക്കും. പരസ്പരം കളിയാക്കും.

അങ്ങനെ സെറ്റില്‍ ആകെ നല്ല രസമായിരുന്നു. എത്ര വൈകി ഷൂട്ട് കഴിഞ്ഞ് വന്നാലും ടെറസിലെത്തി സംസാരിക്കാന്‍ ഞങ്ങള്‍ മറക്കാറില്ലായിരുന്നു. അങ്ങനെ എപ്പോഴും സംസാരിക്കുന്നത് കൊണ്ടും പരസ്പരം കണക്ട് ആയതുകൊണ്ടും ഞങ്ങളെല്ലാവരും തമ്മില്‍ നല്ല വൈബായിരുന്നു.

പിന്നെ മമിതയെ കുറിച്ച് പറയുമ്പോള്‍, മമിത എത്രയോ സിനിമകള്‍ ചെയ്ത ആളാണ്. പക്ഷേ ഫേവറിറ്റ് ഈ സെറ്റായിരുന്നു എന്നാണ് എപ്പോഴും അവള്‍ പറയാറുള്ളത്. മറ്റുള്ളവര്‍ക്കും അങ്ങനെ തന്നെയായിരിക്കും എന്നാണ് തോന്നുന്നത്,’ അഖില ഭാര്‍ഗവന്‍ പറയുന്നു.

Content Highlight: Akhila Bhargavan Talks About Mamitha Baiju And Premalu Movie