| Sunday, 10th January 2021, 1:03 pm

എന്ത് ആലോചിച്ചാലും അതിനകത്ത് ഫഹദിന്റെ മാനറിസം കടന്നുവരും, സ്‌ക്രിപ്റ്റ് എഴുതി ബൈന്റ് ചെയ്താണ് അച്ഛനെ കാണിച്ചത്; അഖില്‍ സത്യന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ട് മക്കളും സംവിധാനത്തിന്റെ വഴിയിലേക്ക് തന്നെ വന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തത്. ഇപ്പോളിതാ മറ്റൊരു മകനായ അഖില്‍ സത്യനും ഫഹദിനെ നായകനാക്കി സിനിമ എടുക്കുകയാണ്.

തന്റെ ആദ്യത്തെ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മാതൃഭൂമി

യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ സത്യന്‍. സ്‌ക്രിപ്റ്റ് എഴുതി ബൈന്റ് ചെയ്തതിന് ശേഷമാണ് അച്ഛനെ കാണിച്ചതെന്ന് അഖില്‍ പറയുന്നു. സ്‌ക്രിപ്റ്റ് വായിച്ച ശേഷം കുഴപ്പമില്ല നന്നായിട്ടുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും അഖില്‍ പറയുന്നു.

പിന്നീട് അമ്മയാണ് പറഞ്ഞത് അച്ഛന് കഥ നല്ല ഇഷ്ടപ്പെട്ടുവെന്ന്. അച്ഛന്റെ ആ അംഗീകാരം എനിക്ക് പാസ് ചെയ്ത് തന്നത് അമ്മയാണ്. അതെനിക്ക് നല്ല ധൈര്യം തന്നു.

അനൂപിന്റെ സിനിമ കാണുമ്പോഴാണ് അച്ഛന്‍ കഥയെന്താണെന്ന് അറിയുന്നതെന്ന് അഖില്‍ പറയുന്നു.
താന്‍ അച്ഛന്റെ കൂടെ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ടാണ് ഇത്തിരി നേരത്തേ സ്‌ക്രിപ്റ്റ് അച്ഛനെ കാണിച്ചതെന്നും അഖില്‍ സത്യന്‍ പറയുന്നു.

വ്യക്തിപരമായി ഫഹദിനെ അറിയാവുന്നതുകൊണ്ടും ഞാന്‍ പ്രകാശനിലും ഇന്ത്യന്‍ പ്രണയകഥയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാലും എന്ത് ആലോചിക്കുമ്പോഴും അതിനകത്ത് ഫഹദിന്റെ മാനറിസം കടന്നുവരുമെന്ന് അഖില്‍ പറയുന്നു. കഥ എഴുതിയപ്പോഴും ആദ്യം ചിന്തിച്ചത് ഫഹദ് അവതരിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.

ഫഹദ് ഫാസിലാണ് പാച്ചുവും അത്ഭുതവിളക്കും എന്ന അഖില്‍ സത്യന്റെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്യുന്നതും അഖിലാണ്. ഗോവയിലും കേരളത്തിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരണ്‍ വേലായുധനാണ് ക്യാമറ ചെയ്യുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. മനു മഞ്ജിതാണ് വരികളെഴുതുന്നത്. ഈവര്‍ഷത്തില്‍ തന്നെ സിനിമ തിയേറ്ററുകളിലെത്തും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Akhil Sathyan son of Sathyan Anthikad about Fahadh Faasil

We use cookies to give you the best possible experience. Learn more