തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. സംവിധായകനായി അഖില്‍ സത്യന്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായത്. ഫീല്‍ഗുഡ് ഴോണറിലൊരുങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രശംസ ഏറ്റുവാങ്ങവേ അച്ഛന്‍ സത്യന്‍ അന്തിക്കാടിന് നന്ദി പറയുകയാണ് അഖില്‍. തന്നെ അഭിനന്ദിച്ചുലഭിച്ച സന്ദേശങ്ങള്‍ പങ്കുവെച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ചാറ്റുകള്‍ പോസ്റ്റ് ചെയ്താണ് അഖില്‍ നന്ദി പറഞ്ഞത്.
സംവിധാനത്തിലേക്കുള്ള അരങ്ങേറ്റത്തില്‍ അനൂപിനെപോലെ അദ്ദേഹത്തില്‍ അഭിമാനമുണ്ടാക്കിയെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്ന് അഖില്‍ പറഞ്ഞു. അച്ഛന്റെ സന്തോഷമാണ് തങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും വിജയവുമെന്നും മൂന്ന് പേര്‍ക്കും ഇനിയും നല്ല സിനിമകള്‍ ഉണ്ടാക്കി മുന്നേറാമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അഖില്‍ പറഞ്ഞു.
‘പാച്ചുവിന്റെ റിലീസ് മുതല്‍ അച്ഛന്‍ വാട്‌സാപ്പില്‍ നിന്ന് ധാരാളം സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചിരുന്നു. അദ്ദേഹത്തിന് ധാരാളം കോളുകളും മെസേജുകളും ലഭിച്ചിരുന്നു. ആ മെസേജുകളില്‍ ഭൂരിഭാഗത്തിനും റിപ്ലെയായി ഞാന്‍ ഒരു ഹേര്‍ട്ട് മാത്രമേ അയച്ചിരുന്നുവെങ്കിലും അച്ഛന്‍ അയക്കാവുന്നതിന്റെ മാക്‌സിമം സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചുതന്നിരുന്നു.
സംവിധാനത്തിലേക്കുള്ള അരങ്ങേറ്റത്തില്‍ അനൂപിനെപോലെ അദ്ദേഹത്തില്‍ അഭിമാനമുണ്ടാക്കിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അച്ഛന്റെ സന്തോഷമാണ് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും വിജയവും. വരനെ ആവശ്യമുണ്ടും പാച്ചുവും അത് സാധ്യമാക്കിയെന്നാണ് ഞാന്‍ ഊഹിക്കുന്നത്. എല്ലാത്തിനും നന്ദി അച്ഛാ
നമുക്ക് മൂന്ന് പേര്‍ക്കും ഇനിയും നല്ല സിനിമകള്‍ ഉണ്ടാക്കി മുന്നേറാം. സന്തോഷവാന്മാരായ പ്രേക്ഷകരെ കൂടുതല്‍ സന്തോഷിപ്പിക്കാം, അസന്തുഷ്ടരായിരിക്കുന്നവരെ സന്തുഷ്ടരാക്കാം,’ അഖില്‍ കുറിച്ചു.
മെയ് 26നാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. മുംബൈയില്‍ ബിസിനസ് ചെയ്യുന്ന മലയാളി യുവാവ് പാച്ചുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചിലരും അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങളുമാണ് സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അഞ്ജന ജയപ്രകാശ്, മോഹന്‍ ആഗാഷെ, ഇന്ദ്രന്‍സ്, വിനീത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Akhil sathyan’s thanks post for Sathyan Anthikad