സന്ദേശം എന്ന ചിത്രം ഇപ്പോഴും ആളുകളെ കുത്തുന്നുണ്ടെന്ന് അഖിൽ സത്യൻ. ആ ചിത്രം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതാണ് ആ ചിത്രത്തിന്റെ രാഷ്ട്രീയമെന്നും അഖിൽ പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സംസാരിച്ചത്.
‘സന്ദേശം ഇപ്പോഴും ആളുകളെ കുത്തുന്നുണ്ട്. അതാണ് ആ ചിത്രത്തിന്റെ രാഷ്ട്രീയം. 35 വർഷം മുൻപിറങ്ങിയ ചിത്രം ഇപ്പോഴും ആളുകളെ ശല്യം ചെയ്യുന്നുണ്ടെങ്കിൽ അത് അത്രയും രാഷ്ട്രീയമുള്ള സിനിമയാണ്.
ആ ചിത്രത്തോട് പലർക്കും പല അഭിപ്രായമാണ്. അതിനു പല കാരണങ്ങളാണ്. ആ സിനിമ ആരെയും ഒന്നും ചെയ്യുന്നില്ല, ആളുകളാണ് അതിന് പിന്നാലെ പോകുന്നത്. ഇവർ പുറകെ പോയി ആ ചിത്രത്തെ ഇത്രയധികം ക്രിട്ടിസൈസ് ചെയ്യുന്നുണ്ടെങ്കിൽ അത് എത്രത്തോളം ഇവരെ കുത്തിയിട്ടുണ്ടെന്ന് ഓർത്തുനോക്കൂ.
സന്ദേശം എന്ന ചിത്രത്തിന്റെ റീച്ചാണ് ചിലരുടെ പ്രശ്നം. ഈ ചിത്രം ഇത്രയധികം ആളുകളിലേക്ക് എത്തിയില്ലായിരുന്നെങ്കിൽ അവർക്ക് ഇത്രയധികം പ്രശ്നം ഉണ്ടാകുകയില്ലായിരുന്നു. അവർ ചിന്തിക്കുന്ന പാറ്റേൺ അല്ലല്ലോ ബാക്കിയുള്ളവർ ഇഷ്ടപ്പെടുന്നത് എന്നതാവാം അതിന് കാരണം.
അച്ഛനും ശ്രീനി അങ്കിളിനും പക്ഷം ഇല്ല. ഇത്തരത്തിൽ ബയാസ് ഉള്ളവർക്കാണ് പ്രശ്നം ഉള്ളതെന്ന് തോന്നിയിട്ടുണ്ട്.
ആ ചിത്രത്തിനെ വിമർശനങ്ങൾ ബാധിക്കുകയില്ല. വിമർശകരുടെ വാക്കിനേക്കാളും ശക്തിയുള്ള ചിത്രമാണത്, അഖിൽ പറഞ്ഞു.
അഖിൽ സത്യൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഫഹദ് ഫാസിലിനെ നായകനായ ചിത്രത്തിൽ ഇന്ദ്രൻസ്, മുകേഷ്, വിനീത്, ഇന്നസെന്റ് എന്നിവരും പ്രധാന താരങ്ങളാണ്.
Content highlights: Akhil Sathyan on Sandesham movie