| Tuesday, 2nd May 2023, 3:39 pm

നമ്മള്‍ നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കില്‍ എന്നാണ് ദുല്‍ഖര്‍ അന്ന് പറഞ്ഞത്: അഖില്‍ സത്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാടിന്റെ മകനാണെങ്കിലും ചെറുപ്പത്തില്‍ സിനിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. പഠിച്ചതും വളര്‍ന്നതുമെല്ലാം നാട്ടില്‍ തന്നെയായിരുന്നുവെന്നും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുമ്പോഴാണ് പ്രോപ്പറായി ഷൂട്ട് കണ്ടതെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞു.

‘പ്രോപ്പറായി സിനിമ ഷൂട്ടിങ് കാണുന്നത് തന്നെ 25ാം വയസിലാണ്. ഞാനും അനൂപുമൊക്കെ ചെറുപ്പം മുതല്‍ തന്നെ നാട്ടിലായിരുന്നു. ആ സമയത്ത് അച്ഛന് നല്ല തിരക്കായിരുന്നു. ഞങ്ങള്‍ പ്ലസ് ടു കഴിയുന്നത് വരെ അച്ഛന്‍ പുറകെ പുറകെ സിനിമ ചെയ്യുകയായിരുന്നു. ഇപ്പോഴാണ് ഒന്ന് കണ്‍ട്രോള്‍ ചെയ്തുതുടങ്ങിയത്. അച്ഛനെ കാണുന്നത് പോലും അപൂര്‍വമായിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ല.

പിന്‍ഗാമിയിലെ മോഹന്‍ലാലിന്റെ ഫൈറ്റ് കുട്ടിക്കാലത്ത് കണ്ട ഓര്‍മയുണ്ട്. ചെറുപ്പത്തില്‍ ആകെ കണ്ട ഷൂട്ടിങ് ഓര്‍മ അത് മാത്രമാണ്.

ധ്യാനെ ഞാന്‍ ഇതുവരെ മീറ്റ് ചെയ്തിട്ടുപോലുമില്ല. വിനീതും ധ്യാനും പണ്ട് അന്തിക്കാട് വന്നപ്പോള്‍ കാറിന്റെ ചുറ്റും ഓടി നടക്കുന്ന ഒരു ഓര്‍മ ഉണ്ട്. പിന്നെ ഈ അടുത്ത് ചെന്നൈയില്‍ വന്നപ്പോഴാണ് വിനീതിനെ മീറ്റ് ചെയ്യുന്നത്.

എ.ഡിയായിട്ടാണ് ഷാനുവിന്റെ അടുത്ത് പോകുന്നത്. ഷോട്ട് റെഡിയെന്ന് പറയാന്‍ പോയപ്പോഴാണ് ഷാനുവിനെ പരിചയപ്പെടുന്നത്. ദുല്‍ഖറിനെ പരിചയപ്പെടുന്നതും അങ്ങനെയായിരുന്നു. നമ്മള്‍ നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കില്‍ എന്ന് ദുല്‍ഖര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അനൂപിനെ അസിസ്റ്റ് ചെയ്യുമ്പോഴാണ് ദുല്‍ഖറിനെ ആദ്യമായി കാണുന്നത്. ഇന്നസെന്റ് അങ്കിള്‍ മാത്രമാണ് ആകെ പരിചയമുള്ള ആക്ടര്‍,’ അഖില്‍ പറഞ്ഞു.

പാച്ചുവും അത്ഭുതവിളക്കുമാണ് അഖിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായത്. പാര്‍വതി, മുകേഷ്, ഇന്നസെന്റ്, വിനീത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: akhil sathyan about dulquer salmaan

We use cookies to give you the best possible experience. Learn more