രണ്ട് സിനിമയ്ക്കും ഒരേ ക്ലൈമാക്‌സ്, നിവിന്‍ പോളിയെ നായകനാക്കി ആലോചിച്ച ആ സിനിമ അതോടെ ഉപേക്ഷിച്ചു: അഖില്‍ സത്യന്‍
Movie Day
രണ്ട് സിനിമയ്ക്കും ഒരേ ക്ലൈമാക്‌സ്, നിവിന്‍ പോളിയെ നായകനാക്കി ആലോചിച്ച ആ സിനിമ അതോടെ ഉപേക്ഷിച്ചു: അഖില്‍ സത്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 12:37 pm

നിവിന്‍ പോളിയെ നായകനാക്കി താന്‍ ആലോചിച്ച ഒരു സിനിമ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അഖില്‍ സത്യന്‍.

നിവിന്‍ പോളിയുടെ തന്നെ ആവശ്യപ്രകാരം താന്‍ ഉണ്ടാക്കിയ കഥയ്ക്ക് സമാനമായി മറ്റൊരു സിനിമ ആ സമയത്ത് ഇറങ്ങിയെന്നും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമായിരുന്നു അതെന്നും അഖില്‍ പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍.

‘പാച്ചുവും അത്ഭുതവിളക്കും എഴുതുന്നതിന് മുന്‍പ്, ശരിക്കും നിവിനാണ് എന്നെ വിളിച്ച് ഒരു സിനിമ ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ നിവിന് വേണ്ടി ഞാന്‍ ആലോചിച്ച ഒരു കഥയുണ്ടായിരുന്നു. അതെനിക്ക് ഇഷ്ടമുള്ള കഥയായിരുന്നു. ഒരു അച്ഛന്റേയും മകന്റേയും കഥ. അതില്‍ വേറൊരു കഥാപാത്രവും ഉണ്ടായിരുന്നു.

എന്നാല്‍ അതേ കഥ ഞാന്‍ പിന്നീട് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമായി കാണുകയാണ്. എന്റെ കഥയിലെ അതേ കട്ട്‌സ് സുഡാനിയില്‍ ഉണ്ടായിരുന്നു. അതോടെ ആ സിനിമ തന്നെ ഞാന്‍ അവിടെ വെച്ച് ഉപേക്ഷിച്ചു. ആറ് മാസത്തോളം മനസില്‍ കൊണ്ട് നടന്ന സിനിമയായിരുന്നു. രണ്ടും തമ്മില്‍ വലിയ സാമ്യമില്ലെങ്കിലും ക്ലൈമാക്‌സില്‍ ഇയാള്‍ കാരണം അച്ഛനും മകനും ഒന്നിക്കുന്നത് തന്നെയായിരുന്നു.

അതില്‍ അബ്ദുള്ളക്കയും സൗബിനും വരുന്ന പോയിന്റില്‍ ഞാന്‍, ഓക്കെ തീരുമാനമായി എന്ന് സ്വയം പറഞ്ഞു (ചിരി). ആറ് മാസത്തെ എഫേര്‍ട്ട് അങ്ങനെ പോയി. സിനിമ എടുക്കുന്നവരോട് എനിക്ക് പറയാനുള്ള ഒരു ഉപദേശമുണ്ട്.

എന്റെ അച്ഛന്‍ 40 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. അച്ഛന്‍ കാര്യങ്ങള്‍ എന്നോട് പറയാറുണ്ട്. അച്ഛന്‍ പോലും കണ്‍ഫ്യൂസ്ഡ് ആകുന്ന ഏരിയ ഉണ്ട്. നമുക്ക് ജഡ്ജ് ചെയ്യാന്‍ പറ്റുന്നില്ല ഒരു സിനിമ എങ്ങനെ ഓണ്‍ ആക്കാമെന്ന്.

പണ്ടൊക്കെ 50 ദിവസം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റും. ആക്ടേഴ്‌സ് സമയത്ത് വരുന്നു. ഇപ്പോള്‍ ഒരു സിനിമ തന്നെ 100-150 ദിവസമാണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല. പറഞ്ഞ ഡേറ്റുകള്‍ പ്രാക്ടിക്കലി പോസിബിള്‍ അല്ലാതെ വരുന്നു. എല്ലാവരും വലിയ പൈപ്പ് ലൈനിലാണ്. അവിടെ നമ്മള്‍ ക്യൂവില്‍ കുറേ പിറകിലായിരിക്കും. അപ്പോള്‍ ഇനിയുള്ള കാലത്ത് ഒരേ സമയം രണ്ട് കഥ ആലോചിക്കേണ്ടി വരുമെന്ന് തോന്നിയിട്ടുണ്ട്.

ഞാന്‍ ഇപ്പോള്‍ ശരിക്കും അത് ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ് വരും. പാച്ചുവില്‍ ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. പകുതി ദൂരം പോയാല്‍ പിന്നെ നമ്മള്‍ പിറകലേക്ക് പോകില്ല. അത് ഫിനിഷ് ചെയ്യാന്‍ നോക്കും. പക്ഷേ അത് ശരിയല്ല.
ഒരേസമയം നമ്മള്‍ രണ്ട് കഥ ആലോചിക്കാനുള്ള രീതിയിലേക്ക് പോകണം. അത് നല്ല കാര്യമാണ്. പ്രാക്ടിക്കല്‍ പോസിബിലിറ്റി കൂടും.

പാച്ചുവിന്റെ കഥ ഞാന്‍ നിവിനോടും സംസാരിച്ചിരുന്നു. ഒരു പോയിന്റില്‍ ചുമ്മാ പറഞ്ഞ ത്രഡ് ആണ് ബോംബെ മലയാളി നാട്ടിലേക്ക് വരുന്നു. തിരിച്ച് പ്രായമുള്ള സ്ത്രീ അവര്‍ക്കൊപ്പം പോകുന്നു. ഗോവയില്‍ വെച്ച് അവര്‍ മിസ് ആകുന്നു എന്ന്. അവിടെയാണ് നിവിന്‍ അപ്രൂവ് ചെയ്യുന്നത്. ചുമ്മാ ബാക്ക് ആപ്പ് ആയിട്ടുള്ള റാന്‍ഡം തോട്ടില്‍ നിന്നാണ് ഒരു മുഴുവന്‍ സിനിമ തന്നെ ഉണ്ടാകുന്നത്,’ അഖില്‍ സത്യന്‍ പറയുന്നു.

Content Highlight: Akhil Sathyan about a movie he planned to shoot with nivin pauly