നിമയന കോഴ വിവാദം; അഖില്‍ സജീവിനെയും ലെനിന്‍ രാജിനെയും പ്രതി ചേര്‍ത്തു
തിരുവനന്തപുരം: അരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിമയന കോഴ വിവാദത്തില്‍ അഖില്‍ സജീവിനെയും ലെനിന്‍ രാജിനെയും പ്രതി ചേര്‍ത്തു. വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി.
ആരോഗ്യ കേരളത്തിന്റെ പേരില്‍ അഖില്‍ സജീവ് വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാണ് പരാതിക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹരിദാസിന്റെ മരുമകള്‍ക്ക് സന്ദേശം അയച്ചതെന്നും പൊലീസ് പറയുന്നു. ഹരിദാസിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ബാസിത്തിന്റെ മൊഴിയാണ് വിഷയവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാസിതിനെ പ്രതി ചേര്‍ക്കുന്നത് പിന്നീടായിരിക്കും.
ആയുഷ് മിഷനില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളയാളും സുഹൃത്തും ചേര്‍ന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം.
അഖില്‍ സജീവും ഹരിദാസും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നിയമനം ശരിയാക്കുമെന്നാണ് അഖില്‍ ഹരിദാസ് പുറത്തുവിട്ട സംഭാഷണത്തില്‍ പറയുന്നത്.
Content Highlight: Akhil Sajeev and Lenin Raj implicated in health minister’s office appointment bribery scandal