| Friday, 26th April 2024, 12:35 pm

റാം C/o ആനന്ദി സിനിമയാവും, ആനന്ദിയായി സായി പല്ലവി വേണമെന്നും റാം ആ നടനാവണമെന്നും ആഗ്രഹമുണ്ട്: അഖിൽ.പി. ധർമജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന നോവലുകളിലൊന്നാണ് റാം C/o ആനന്ദി. അഖില്‍.പി. ധര്‍മജന്‍ എഴുതിയ നോവല്‍ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകമായിരിക്കുകയാണ്.

ഒരു സിനിമ കാണുന്ന അനുഭവമാണ് വായിച്ചപ്പോള്‍ കിട്ടിയതെന്നാണ് വായനക്കാരുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നതും ഈ നോവലാണ്.

സിനിമയായി കാണാൻ വായനക്കാർ ആഗ്രഹിക്കുന്ന ഒരു പുസ്തകമാണ് റാം C/o ആനന്ദി. കഥയ്ക്ക് ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതയുമുണ്ട്. എന്നാൽ കഥയുടെ രണ്ടാം ഭാഗത്തെ കുറിച്ച് താനിപ്പോൾ ചിന്തിക്കുന്നില്ലെന്നാണ് അഖിൽ പറയുന്നത്.

എന്നാൽ കഥ സിനിമായാക്കാൻ തീരുമിച്ചിട്ടുണ്ടെന്നും അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്നും അഖിൽ പറയുന്നു. പ്രണവ് മോഹൻലാലിനെയും സായി പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അഖിൽ പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അഖിൽ.

‘രണ്ടാം ഭാഗത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സിനിമയാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കമൽ സാറിന്റെ അസോസിയേറ്റായ അനുഷ പിള്ളയാണ് സംവിധാനം.

റാം ആയി പ്രണവ് മോഹൻലാലും ആനന്ദിയുടെ റോളിൽ സായി പല്ലവിയും വരണമെന്നാണ് എന്റെ സ്വപ്നം. നടക്കുമോ എന്നറിയില്ല. എന്നാലും സ്വപ്നം കാണാമല്ലോ,’അഖിൽ പറയുന്നു.

ചെന്നൈ പശ്ചാത്തലമാക്കി ഹൃദയഹാരിയായ കഥ പറഞ്ഞ നോവലാണ് റാം C/o ആനന്ദി. ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ ഇപ്പോള്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത് ഈ നോവലാണ്. നോവലിന്റെ കവര്‍ പേജിനെ അനുകരിച്ച് പല ബ്രാന്‍ഡുകളും അവരുടെ പരസ്യം കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

ടെക്‌നോളജി ഇത്രയും വളര്‍ന്നകാലത്ത് ഒരു നോവല്‍ ഇത്രയധികം ആളുകള്‍ വായിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. ഇതിനോടകം നോവലിന്റെ മുപ്പത് പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞു.

Content Highlight: Akhil P Dharmajan Says He Want To Make A Film Of Ram C/O Aanandhi

We use cookies to give you the best possible experience. Learn more