നോവലിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പോലീസ് പിടിച്ചാല്‍ എന്നെ ആരും വിളിക്കരുത്, എല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ; വ്യാജപതിപ്പിനെതിരെ അഖില്‍.പി. ധര്‍മജന്‍
Entertainment
നോവലിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പോലീസ് പിടിച്ചാല്‍ എന്നെ ആരും വിളിക്കരുത്, എല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ; വ്യാജപതിപ്പിനെതിരെ അഖില്‍.പി. ധര്‍മജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th March 2024, 1:53 pm

കേരളത്തില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന നോവലുകളിലൊന്നാണ് റാം C/o ആനന്ദി. അഖില്‍.പി. ധര്‍മജന്‍ എഴുതിയ നോവല്‍ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകമായിരിക്കുകയാണ്. ഒരു സിനിമ കാണുന്ന അനുഭവമാണ് വായിച്ചപ്പോള്‍ കിട്ടിയതെന്നാണ് വായനക്കാരുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നതും ഈ നോവലാണ്.

ഇപ്പോഴിതാ ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന വ്യാജപതിപ്പിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ അഖിലും, പുസ്തകത്തിന്റെ പ്രസാധകരായ ഡി.സി. ബുക്‌സും. നോവല്‍ മുഴുവനായി സ്‌കാന്‍ ചെയ്ത് പി.ഡി.എഫ് രൂപത്തിലാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് നോവലിന്റെ വില്പന തടയുക എന്ന ഗൂഢലക്ഷ്യമുള്ളവര്‍ ചെയ്യുന്ന പണിയാണെന്ന് അഖില്‍ ആരോപിച്ചു.

രണ്ട് വര്‍ഷം ചെന്നൈയില്‍ കൂലിപ്പണിയടുത്തുകൊണ്ട് ജീവിച്ചപ്പോള്‍ കണ്ട കാഴ്ചകളാണ് അക്ഷരരൂപത്തിലേക്ക് പകര്‍ത്തിയതെന്നും, ഇതിന്റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിലൂടെ ആളുകള്‍ക്ക് എന്ത് സുഖമാണ് ലഭിക്കുന്നതെന്ന് അറിയില്ലെന്നും അഖില്‍ പറഞ്ഞു. ഈ വിഷയത്തില്‍ പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ കൂടെ നില്‍ക്കുമന്ന് കരതുന്നുവെന്നും അഖില്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അഖില്‍ ഇക്കാര്യം അറിയിച്ചത്.


ചെന്നൈ പശ്ചാത്തലമാക്കി ഹൃദയഹാരിയായ കഥ പറഞ്ഞ നോവലാണ് റാം C/o ആനന്ദി. ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ ഇപ്പോള്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത് ഈ നോവലാണ്. നോവലിന്റെ കവര്‍ പേജിനെ അനുകരിച്ച് പല ബ്രാന്‍ഡുകളും അവരുടെ പരസ്യം കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ടെക്‌നോളജി ഇത്രയും വളര്‍ന്നകാലത്ത് ഒരു നോവല്‍ ഇത്രയധികം ആളുകള്‍ വായിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. ഇതിനോടകം നോവലിന്റെ മുപ്പത് പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞു.

Content Highlight: Akhil P Dharmajan filed complaint against sharing pirated copy of his novel