ബിഗ് ബോസ് എന്ന പരിപാടി ഇതുവരെ കണ്ടിരുന്നില്ലെന്നും ജോജു ജോര്‍ജും ഉണ്ണി മുകുന്ദനുമുള്പ്പെടെയുള്ളവര് പറഞ്ഞതുകൊണ്ടാണ് ബിഗ് ബോസില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും സംവിധായകന് അഖില്‍ മാരാര്‍. ബിഗ് ബോസില്‍ നിന്നും കിട്ടുന്ന പ്രശസ്തിയോട് താല്പര്യമില്ലെന്നും മത്സരത്തില്‍ ജെനുവിനായി നില്‍ക്കുമെന്നും അഖില്‍ പറഞ്ഞു.
ബിഗ് ബോസ് വിട്ടിലേക്ക് കയറുന്നതിന് മുമ്പ് ഷൂട്ട് ചെയ്ത വീഡിയോയിലാണ് അഖില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
‘ഞാന്‍ ഇപ്പോള്‍ മുംബൈയിലാണ്. ഒരു റൂമില്‍ അടച്ചുകഴിഞ്ഞാല്‍ പുറത്തേക്കൊന്നും പോകാന്‍ പറ്റില്ല. മൊബൈല്‍ ഫോണ്‍ കൊടുക്കുന്നതിന് മുമ്പ് നിങ്ങളോട് കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നി. ഇത് പബ്ലിഷാവുന്നത് മാര്‍ച്ച് 27നായിരിക്കും. ഈ വീഡിയോ നിങ്ങള്‍ കാണുമ്പോള്‍ ബിഗ് ബോസിലെ ആദ്യത്തെ ദിവസം കഴിഞ്ഞിട്ടുണ്ടാവും.
ബിഗ് ബോസ് എന്ന പരിപാടി നാളിത് വരെ കണ്ടിരുന്നില്ല. എനിക്ക് ഈ പരിപാടിയോടോ ഇതില്‍ നിന്നും കിട്ടുന്ന പ്രശസ്തിയോടോ വലിയ ആഗ്രഹമൊന്നുമില്ല. ഞാന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനിരിക്കുന്ന ജോജു ചേട്ടനും ഉണ്ണി മുകുന്ദനുമൊക്കെ എന്നോട് പോകണമെന്ന് പറഞ്ഞു. അഖില്‍ പോകണം, ഈ പരിപാടിക്ക് പറ്റിയ മെറ്റീരിയലാണെന്ന് പറഞ്ഞു.
നിങ്ങള്‍ ഫേസ്ബുക്കില്‍ കാണുന്ന അഖിലല്ല യഥാര്‍ത്ഥ അഖില്‍. ചളി പറയുന്ന, ഇമ്മച്വേര്ഡായ ആളാണ് ഞാന്‍. ഈ പ്രായത്തിലും കൊഞ്ചാനും കുട്ടിയെ പോലെ പെരുമാറാനും എനിക്ക് ഇഷ്ടമാണ്.
മറ്റുള്ളവരുടെ വേദനയില്‍ സംസാരിക്കാനുള്ള മനസ് എനിക്ക് കുറെ ശത്രുക്കളെ നേടിത്തന്നിട്ടുണ്ട്. മരിച്ച് കഴിഞ്ഞാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണെങ്കിലും ഉണ്ടാകുമോ എന്ന് അറിഞ്ഞുകൂടാത്ത എനിക്ക് അത്യാവശം നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞത്, മനസിന്റെ നന്മ കൊണ്ടും ഉള്ളില്‍ സത്യമുള്ളത് കൊണ്ടും ആരേയും ദ്രോഹിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അവിചാരിതമായി ഞാന്‍ ഇപ്പോള്‍ ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. ഇവിടെ ഞാന്‍ വളരെ ജനുവിനായിരിക്കും. എന്നെ ഇഷ്ടപ്പെടുകയാണെങ്കില്‍ സപ്പോര്‍ട്ട് ചെയ്യുക,’ അഖില്‍ മാരാര്‍ പറഞ്ഞു.
Content Highlight: akhil marar video that he talks about big boss entry