നിഷ്പക്ഷന്‍ ചമഞ്ഞ് കേരളാ സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റ്, കേന്ദ്രത്തിന്റെ നിയമമാണെന്ന് അറിഞ്ഞതും പോസ്റ്റ് മുക്കി അഖില്‍ മാരാര്‍
Entertainment
നിഷ്പക്ഷന്‍ ചമഞ്ഞ് കേരളാ സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റ്, കേന്ദ്രത്തിന്റെ നിയമമാണെന്ന് അറിഞ്ഞതും പോസ്റ്റ് മുക്കി അഖില്‍ മാരാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th April 2024, 12:19 pm

കഴിഞ്ഞ ബിഗ്‌ബോസ് സീസണിലെ വിജയിയായ അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക ചായ്‌വില്ലെന്ന് പലപ്പോഴും പറയുന്ന അഖില്‍ സ്വയം ഒരു നിഷ്പക്ഷനാണെന്നാണ് എല്ലായിടത്തും പറയുന്നത്.

ഓട്ടോറിക്ഷാ പെര്‍മിറ്റിന്റെ ഫീസ് കുത്തനെ കൂട്ടിയത് കേരളാ സര്‍ക്കാരാണെന്ന ധാരണയില്‍ ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ കമന്റ് ബോക്‌സില്‍ പലരും സത്യാവസ്ഥയുമായി വന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് അഖില്‍ മാരാര്‍.

‘ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് ഫീസ് 400ല്‍ നിന്ന് കുത്തനെ 4000 ആക്കിയിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ ഓട്ടോ തൊഴിലാളികളെ മാത്രം ബാധിക്കുന്നതാണെന്ന് തോന്നുമെങ്കിലും ഇതിന്റെ ഫലം സാധാരണക്കാരും അനുഭവിക്കും, ഓട്ടോ ചാര്‍ജ് ഇനിയും കൂടും’ എന്ന് തുടങ്ങുന്ന പോസ്റ്റിന്റെ ഒടുവില്‍, ‘എങ്ങനുണ്ട് പിണറായി സഖാവിന്റെ ബുദ്ധി? എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും’ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമത്തെ കേരളാ സര്‍ക്കാരിന്റെ നിയമമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിഷ്പക്ഷന്‍ ചമയുന്ന അഖില്‍ മാരാരിനെതിരെ പലരും ഇതിന് പിന്നാലെ രംഗത്ത് വന്നിരുന്നു. അബദ്ധം പറ്റിയെന്ന് മനസിലാക്കിയ ഉടനെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പലരും അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തിരുന്നു. ഇതോടെയാണ് അഖിലിന്റെ നിഷ്പക്ഷ മുഖംമൂടി അഴിഞ്ഞുവീണത്.

നിലപാടുകളുടെ പേരില്‍ അഖിലിന്റെ ഇരട്ടത്താപ്പ് ഇതിനു മുമ്പും ചര്‍ച്ചയായിട്ടുണ്ട്. മുമ്പ് ഒരു ചാനലില്‍ ബിഗ് ബോസ് പോലൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിലും ഭേദം ലുലു മാളില്‍ പോയി തുണിപൊക്കി കാണിക്കുന്നതാണെന്ന് പറഞ്ഞ അഖില്‍ ബിഗ് ബോസില്‍ പങ്കെടുക്കുകയും വിജയി ആവുകയും ചെയ്തിരുന്നു.

Content Highlight: Akhil Marar’s Facebook post criticizing Kerala government deleted after going viral in Social media