| Wednesday, 12th July 2023, 5:25 pm

മാരാര്‍ ജാതിവാലല്ല, മലയാള സിനിമയില്‍ ആ പേരിന് ഒരു പ്രൗഢി കിടപ്പുണ്ടല്ലോ: അഖില്‍ മാരാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പേരിലെ ജാതി വാലിനെ പറ്റി സംസാരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയിയുമായ അഖില്‍ മാരാര്‍. തന്റെ പേര് ജാതിവാലല്ലെന്നും അഖില്‍ കോട്ടാത്തല എന്ന പേര് ആളുകള്‍ തെറ്റിച്ച് വിളിക്കുന്നത് കൊണ്ടാണ് അങ്ങനെ മാറ്റിയതെന്നും അഖില്‍ പറഞ്ഞു. അതൊരു പേരായി കണ്ടാല്‍ മതിയെന്നും ജാതിയിലേക്ക് കണക്റ്റ് ചെയ്യുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നതെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞു.

‘എന്റെ പേര് അഖില്‍ കോട്ടാത്തല എന്ന് തന്നെയാണ് ഇട്ടിരുന്നത്. സിനിമ എടുക്കാന്‍ വന്ന സമയത്ത് എന്റെ പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ചിലര്‍ കൂട്ടാത്തല, മറ്റ് ചിലര്‍ കൊട്ടത്തല എന്ന് വായിക്കും. ആ സമയത്തൊക്കെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്റെ കുറിപ്പുകള്‍ അച്ചടിച്ച് വരാറുണ്ട്. അപ്പോഴും പേര് പലപ്പോഴും തെറ്റാറുണ്ട്. ജോജു ചേട്ടനൊക്കെ, ഇതെന്തുവാടാ ഷാപ്പില്‍ നില്‍ക്കുന്ന കണക്കൊരു പേര്. കൂട്ടാത്തലയോ എന്ന് ചോദിച്ചു. പുള്ളിക്കും സംശയം.

ആ വേളയില്‍ എന്റെ കൂടെയുള്ള അസിസ്റ്റന്റ് പിള്ളാരൊക്കെ പറഞ്ഞു ചേട്ടാ ഈ പേരൊന്ന് മാറ്റി പിടിച്ചാലോന്ന്. എന്നാലൊന്ന് മാറ്റി പിടിക്കാമെന്ന് ഞാനും വിചാരിച്ചു. അഞ്ച് പേരുകളാണ് പ്ലാന്‍ ചെയ്തത്. അഖില്‍ രാജേന്ദ്രന്‍, അഖില്‍ ഭാസ്‌കര്‍, പിന്നെ ജന്മം കൊണ്ട് മാരാര്‍ ആണ്.

മാരാര്‍ എന്ന പേരിന് മലയാള സിനിമയില്‍ ഒരു പ്രൗഢി കിടപ്പുണ്ടല്ലോ. നന്ദഗോപാല്‍ മാരാരില്‍ തുടങ്ങിയൊരു പ്രൗഢി. അങ്ങനെ ന്യൂമറോളജി നോക്കി ഏതാണ് ബെസ്റ്റ് പേരെന്ന് നോക്കി. പ്രൊഡ്യൂസര്‍ പറഞ്ഞു നീ അഖില്‍ മാരാരെന്ന് ഇട്ടോടാന്ന്. ജോജു ചേട്ടനും അത് തന്നെ പറഞ്ഞു. ന്യൂമറോളജി കൊടുത്തപ്പോഴും അതും പക്ക. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ ഈ പേര് ഞാന്‍ ഉറപ്പിക്കുന്നത്. അല്ലാണ്ട് ജാതിവാലൊന്നും അല്ല.

മക്കള്‍ക്ക് പ്രകൃതി മാരാര്‍, പ്രാര്‍ത്ഥന മാരാര്‍ എന്നല്ല പേര്. പ്രകൃതി, പ്രാര്‍ത്ഥന എന്നേ ഉള്ളൂ. എനിക്കൊരു മകന്‍ ജനിച്ചിരുന്നെങ്കില്‍ മനുഷ്യന്‍ എന്ന് പേരിട്ടേനെ. എന്റെ പേര് ജാതി ആയിട്ടൊന്നും കാണണ്ട. പേരായി കണ്ടാല്‍ മതി. ജാതിയിലേക്ക് കണക്ട് ചെയ്യുമ്പോഴല്ലേ പ്രശ്‌നം വരുന്നത്. മനുഷ്യന്റെ സ്വഭാവം ആണ് ജാതി. എന്റെ സ്വഭാവം എന്താണോ അതാണ് എന്റെ ജാതി,’ അഖില്‍ മാരാര്‍ പറഞ്ഞു.

Content Highlight: akhil marar about his name

Latest Stories

We use cookies to give you the best possible experience. Learn more